Saturday 23 June 2012

ബുക്കറിലൂടെ 2. Vernon God Little

ഒരു ഫേസ്‌ബുക് സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ചാണ് DBC Pierre ന്റെ Vernon God Little വായിക്കുന്നത്. ആ എഴുത്തുകാരനേയും പുസ്തകത്തേയും കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്. വായിച്ചു. ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഒരു പകുതി മൂളലേ തരാന്‍ പറ്റുള്ളൂ. അതിന് കുറച്ച് കാരണങ്ങളുമുണ്ട്. ഇത് ഒരു നല്ല പുസ്തകമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ ബുക്കര്‍ പ്രൈസ് കിട്ടേണ്ടിയിരുന്ന പുസ്തകമാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമായ The Finkler Question ആണ് ബുക്കര്‍ പ്രൈസ് കിട്ടുന്ന രണ്ടാമത്തെ തമാശ നോവല്‍ എന്ന് എവിടെയോ വായിച്ചിരുന്നു. ഇത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. Vernon God Little ും തമാശ തന്നെയാണ്. നര്‍മത്തിന്റെ ഭാഷയില്‍ നമ്മളോട് സംസാരിക്കുന്നു. തമാശയിലൂടെയാണ് കാര്യം പറയുന്നത് എന്നതല്ല എന്റെ പ്രശ്നം പക്ഷെ. ഈ പുസ്തകം അവസാനമൊക്കെയാകുമ്പോഴേയ്ക്കും ഒരു ക്രൈം ത്രില്ലറായിപ്പോകുന്നു എന്നാണെനിക്ക് തോന്നിയത്. ഒരു പെരി മേസണ്‍ പുസ്തകം വായിക്കുന്നത് പോലെ. പെരി മേസണ്‍ എത്ര നല്ല ത്രില്ലറായാലും അതിന് ബുക്കര്‍ കിട്ടില്ലെന്ന് നമുക്കറിയാം. ഈ പുസ്തകവും അതിന്റെ നര്‍മം എത്ര ചിരിപ്പിച്ചിട്ടും, കഥ എത്ര ചിന്തിപ്പിച്ചിട്ടും, ബുക്കറിന് അര്‍ഹമാണ് എന്നെനിക്ക് തോന്നുന്നില്ല.  

Vernon Gregory Little എന്ന കൌമാരക്കാരന്റെ സാഹസങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഒരു കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെടാന്‍ പോകുകയാണവന്‍. എന്നാലവന്‍ കൊല ചെയ്തട്ടുമില്ല. ഈ അവസ്ഥയില്‍ അവന്‍ ഒരു രക്ഷപ്പെടല്‍ ആസൂത്രണം ചെയ്യുകയും അത് കൂടുതല്‍ കൂടുതല്‍ കുഴപ്പങ്ങളിലേയ്ക്ക് നീങ്ങുകയും ചെയ്യുന്നു. 

എനിക്കേതായാലും ഇതിലേറ്റവും ഇഷ്ടപ്പെട്ട സംഗതി ഭാഷയില്‍ Pierre കൊണ്ടുവരുന്ന നര്‍മത്തേക്കാളേറെ ചില അവസ്ഥകളുടെ നര്‍മമാണ്. Vernon Gregory യുടെ കുടുംബാന്തരീക്ഷം നോവലിലുടനീളം വിവരിച്ചിരിക്കുന്നത് തമാശയായിട്ടാണ്. എന്നാലും അതില്‍ വലിയ ഒരു സത്യമുണ്ട്. മകന്‍ തൂക്കിലേറ്റപ്പെടാന്‍ പോകുകയാണ് എന്നറിഞ്ഞാലും പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും അതിനനുസരിച്ച് സംസാരിക്കുകയും ചെയ്യുന്ന അമ്മ. അമ്മയുടെ കൂട്ടുകാരും അങ്ങിനെത്തന്നെ. ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുമ്പോഴും എന്തെങ്കിലും കഴിച്ചോ എന്നേ അവര്‍ ചോദിക്കുള്ളൂ. ഇത് നമ്മള്‍ക്ക് വളരെ സുപരിചിതമായ ഒരു സംഭവമാണ്. ഫോണ്‍ സംഭാഷണങ്ങളിലെല്ലാം എന്താ കഴിച്ചത് എന്ന് നമ്മള്‍ ചോദിക്കും. സത്യം പറഞ്ഞാല്‍ മറ്റെയാള്‍ എന്ത് കഴിച്ചാലും നമുക്കൊന്നുമില്ല. ആ ചോദ്യത്തിന്റെ ആവശ്യമേയില്ല. അങ്ങിനെ വളരെ bizarre ആയ പല സന്ദര്‍ഭങ്ങളും അതിസാമര്‍ത്ഥ്യത്തോടെ നോവലിസ്റ്റ് വിവരിച്ചിട്ടുണ്ട്. അമേരിക്കന്‍ മീഡിയയുടെ പരിതാപകരമായ അവസ്ഥ, അവിടുത്തെ നിയമം, child sexual abuse എന്നിങ്ങനെ പല വിഷയങ്ങളും പുസ്തകം ചര്‍ച്ച ചെയ്യുന്നു എന്ന് പറയാന്‍ പറ്റില്ല, അതിനെപ്പറ്റി തമാശ പറയുന്നു. തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം തന്നെ. എന്റെ പ്രശ്നം അത് അവസാനിപ്പിച്ച രീതിയോട് മാത്രമാണ്. അത് വായനയ്ക്കൊരു പ്രശ്നമല്ല താനും. ഇതാ ഒരു excerpt 

'Vernon Gregory Little?' The lady offers me a barbecued rib. She offers half-heartedly, though, and frankly you'd feel sorry to even take the thing when you see the way her chins vibrate over it.
She returns my rib to the box, and picks another for herself. 'Gh-rr, let's start at the beginning. Your habitual place of residence is seventeen Beulah Drive?'
'Yes ma'am.'
'Who else resides there?'
'Nobody, just my mom.'
'Doris Eleanor Little . . .' Barbecue sauce drips onto her name badge. Deputy Vaine Gurie it says underneath. 'And you're fifteen years old? Awkward age.'
Is she fucken kidding or what? My New Jacks rub together for moral support. 'Ma'am - will this take long?'
Her eyes widen for a moment. Then narrow to a squint. 'Vernon - we're talking accessory to murder here. It'll take as long as it takes.'
'So, but . . .'
'Don't tell me you weren't close to the Meskin boy. Don't tell me you weren't just about his only friend, don't you tell me that for one second.'
'Ma'am, but I mean, there must be plenty of witnesses who saw more than I did.'
'Is that right?' She looks around the room. 'Well I don't see anyone else here - do you?' Like an asshole I look around. Duh. She catches my eyes and settles them back. 'Mr Little - you do understand why you're here?'
'Sure, I guess.'
'Uh-huh. Let me explain that my job is to uncover the truth. Before you think that's a hard thing to do, I'll remind you that, stuss-tistically, only two major forces govern life in this world. Can you name the two forces underlying all life in this world?'
'Uh - wealth and poverty?'
'Not wealth and poverty.'
'Good and evil?'
'No - cause and effect. And before we start I want you to name the two categories of people that inhabit our world. Can you name the two proven categories of people?'
'Causers and effecters?'
'No. Citizens - and liars. Are you with me, Mister Little? Are you here?'
Like, duh. I want to say, 'No, I'm at the lake with your fucken daughters,' but I don't. For all I know she doesn't even have daughters. Now I'll spend the whole day thinking what I should've said. It's really fucked.
Deputy Gurie tears a strip of meat from a bone; it flaps through her lips like a shit taken backwards. 'I take it you know what a liar is? A liar is a psychopath - someone who paints gray areas between black and white. It's my duty to advise you there are no gray areas. Facts are facts. Or they're lies. Are you here?'
'Yes ma'am.'
'I truly hope so. Can you account for yourself at a quarter after ten Tuesday morning?'
'I was in school.'
'I mean what period.'
'Uh - math.'
Gurie lowers her bone to stare at me. 'What important facts have I only now finished outlining to you, about black and white?'
'I didn't say I was in class . . .'
A knock at the door saves my Nikes from fusing. A wooden hairdo pokes into the room. 'Vernon Little in here? His ma's on the phone.'

അടുത്തത് The Finkler Question: Howard Jacobson 

Friday 8 June 2012

എഴുത്തുകുത്ത്, അല്ലാത്ത കുത്ത്.

ഇന്നാണ് (6th June) മഹാശ്വേതാദേവിയുടെ എഴുത്തും അതിന് പിണറായ് വിജയനെഴുതിയ മറുപടിയും ആ മറുപടിക്ക് ദേവി എഴുതിയ മറുപടിയും വായിക്കുന്നത്. ദേവി പറയുന്ന കാര്യങ്ങളോട് വിജയനുള്ള വിയോജിപ്പും ആ വിയോജിപ്പിനോട് ദേവിക്കുള്ള വിയോജിപ്പും കണ്ടു, മനസ്സിലാക്കി. പക്ഷെ കത്തിലെ ഭാഷ എന്നെ കുഴക്കുന്നു. ആരാണത് തര്‍ജമ ചെയ്തതെന്നറിയില്ല. എന്നാലും അതില്‍ കുറച്ച് പ്രശ്നങ്ങളുള്ളതായിത്തോന്നി. ദേവിയുടെ കത്തിന്റെ മലയാളവും അവരുടെ കൈപ്പടയിലുള്ള ഇംഗ്ലിഷ് കത്തും വിജയന്റെ മറുപടിയും കാണിച്ചു തന്നതിന് ഡൂള്‍ ന്യൂസിന് നന്ദി.

ആദ്യം തന്നെ എം എം മണിയുടെ പ്രസംഗത്തിലെ ഒരു വാക്കിന്റെ പരിഭാഷ. മഹാശ്വേത ദേവിക്ക് എന്തിന്റെ കഴപ്പാണെന്നറിയില്ല എന്നാണല്ലോ മണി പറഞ്ഞത്. കഴപ്പ്, കടി എന്നീ വാക്കുകള്‍ക്ക് എന്താണ് ഇംഗ്ലിഷ് എന്ന് ആലോചിക്കുകയായിരുന്നു. sexual frustration െയാണല്ലോ കഴപ്പ് എന്ന് വിളിക്കുന്നത്. അതിന് ദേവി ഉപയോഗിച്ച് കാണുന്ന വാക്ക് lust എന്നാണ്. ലസ്റ്റ് എന്നാല്‍ കാമം എന്നല്ലേ. കഴപ്പിനെ വേണമെങ്കില്‍ കാമഭ്രാന്ത് എന്ന് വിളിക്കാം എന്നല്ലാതെ. 



ഇനി ദേവിയുടെ കത്തിന്റെ പരിഭാഷയിലേയ്ക്ക്. വാക്കുകള്‍ പലതും വിഴുങ്ങിയിരിക്കുന്നതായി കാണുന്നുണ്ട്.
One Mr. Mani, a leader of CPI(M) from Kerala, I was told, justified the political killings, including T P Chandrasekharan's brutal killing 
എന്നാണ് ദേവി എഴുതിയിരിക്കുന്നത്. അത് മലയാളത്തിലായപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നത് വിഴുങ്ങിയിട്ടുണ്ട്.
'കേരളത്തിലെ സി.പി.ഐ.എം നേതാവായ മണി ടി.പി ചന്ദ്രശേഖരന്റേതടക്കമുള്ള അതിനിഷ്ഠൂരമായ കൊലപാതകങ്ങളെ ന്യായീകരിച്ചതായി അദ്ദേഹം പറഞ്ഞു.' 
ഇങ്ങനെ. അതിനടുത്ത വരിയില്‍ ദേവി ഒരു is വിട്ടുപോയിട്ടുണ്ട്. (Majeendran a grass root level fishermen leader) അതിനടുത്ത വാചകത്തിന്റെ പരിഭാഷയും ഇംഗ്ലിഷിലെ തന്നെ ആ വാചകവും തന്നെ കുഴപ്പിക്കുന്നതാണ്. ഇംഗ്ലിഷില്‍
Majeendran, I deciphered was more agitated by the obscene remarks by this CPI(M) leader, of all the people in the the world, on me. 
ഇതില്‍ of all the people in the world ആരെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നതെന്ന വ്യക്തമല്ല. ലോകത്തിലെ എല്ലാ ആള്‍ക്കാരെയും വച്ച് മണി എന്ന സി പി ഐ എം ലീഡറുടെ റിമാര്‍ക്കുകള്‍ എന്നാണോ ലോകത്തിലെ എല്ലാ ആള്‍ക്കാരെയും വച്ച് എന്നെപ്പറ്റിയുള്ള മണിയുടെ റിമാര്‍ക്കുകള്‍ എന്നാണോ എന്ന് വ്യക്തമല്ല എന്ന്. Deciphered എന്ന വാക്കുകപയോഗിച്ചതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് അവര്‍ക്ക് മജീന്ദ്രന്‍ പറഞ്ഞത് മനസ്സിലാക്കാന്‍ പണിപ്പെടേണ്ടി വന്നു എന്നാണ്. ഭാഷയുടെയോ ആക്സന്റിന്റെയോ പ്രശ്നമാവാം ഇത്. ഏതായാലും തര്‍ജമയില്‍ ഈ കാര്യങ്ങളൊന്നും നോക്കാതെ
'മജീന്ദ്രന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു മത്സ്യത്തൊഴിലാളി നേതാവാണ്. മാത്രവുമല്ല മണി എനിക്കെതിരെ നടത്തിയ അശ്ലീലമായ പരാമര്‍ശങ്ങളോട് വളരെയധികം ദേഷ്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.' 
എന്ന് വച്ച് കാച്ചിയിട്ടുണ്ട്. ഇതില്‍ 'മാത്രവുമല്ല' എന്ന വാക്ക് എവിടെനിന്ന് വന്നതാണെന്ന് മനസ്സിലാകുന്നില്ല. മത്സ്യത്തൊഴിലാളി നേതാവാണ്, മാത്രവുമല്ല, എന്നെ ചീത്തപറഞ്ഞതില്‍ വിഷമവുമുണ്ട് എന്നോ. എന്താണതിന്റെ അര്‍ഥം? Agitated ദേഷ്യപ്പെട്ടു എന്നാകുന്നു. അപ്പോള്‍ got angry എന്നതിനെന്തുപറയും?
Techno-savvy എന്നാണ് ദേവി ഉപയോഗിച്ച് കാണുന്നത്. tech-savvy ആണ് ശരി എന്നാണ് എന്റെ അറിവ്. Uncouth മലയാളത്തില്‍ അധാര്‍മികമാകുന്നുണ്ട്. അത് ശരിയല്ലല്ലോ. അണ്‍കൂഥ് സംസ്കാരശൂന്യം അല്ലേ. പിന്നെ watching him was great fun എന്നത് 'അയാളോടെനിക്ക് തമാശയാണ് തോന്നുന്നത്' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കണ്ട് വടക്കുള്ള ആരോ ആണ് അത് ചെയ്തിരിക്കുന്നതെന്ന് തോന്നി. ഈ 'ഓട്' പ്രയോഗം ഇവിടെയാണ് കണ്ടട്ടുള്ളത്. അതില്‍ തെറ്റുണ്ടെന്നല്ല, 'അദ്ദേഹത്തെ കണ്ടിരിക്കുക രസമായിരുന്നു' എന്നാണ് കുറച്ചുംകൂടെ ശരി എന്നാണ് എന്റെ അഭിപ്രായം. അടുത്ത വരിയില്‍ 'strange' 'വ്യത്യസ്ത'മാകുന്നു. Lust of life എന്ന് ദേവി ഉപയോഗിച്ചിട്ടുണ്ട് അത് famously, lust for life ആണ്.
ഉപയോഗിച്ചിരിക്കുന്ന tense ും പരിഭാഷയില്‍ നഷ്ടമായിട്ടുണ്ട് ഭാഷായ് തുഡു എന്ന ദേവിയുടെ രചന പരിഭാഷപ്പെടുത്തണമെന്ന് അവര്‍ കൂടെയുണ്ടായിരുന്ന സഖാക്കളോട് പറയുന്നത് ടി പി യുടെ ഭാര്യ രമയെ കാണാന്‍ പോകവെയാണ്. അല്ലാതെ
ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദര്‍ശിക്കാനായി അവരുടെ വീട്ടില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കളായ സഖാക്കളോട് 
ഇങ്ങനെയല്ല.അതിനുശേഷം പലതരം ആളുകള്‍ എന്നെ വന്ന് കണ്ടു, സംസാരിച്ചു എന്നാണവര്‍ പറയുന്നത്. അല്ലാതെ
എല്ലാതരത്തിലുള്ള ആളുകള്‍ എന്നെകാണാറുണ്ട്, സംസാരിക്കാറുണ്ട്.
എന്നല്ല. horror എന്നത് ഭയമാകുന്നു. shoots up എന്നത് തളം കെട്ടുന്നു എന്നും. തളം കെട്ടലും shoots up ും എവിടെവിടെക്കിടക്കുന്നു. ഒന്ന് അനങ്ങാതെ കിടക്കുന്നു ഒന്ന് കുതിച്ചുയര്‍ന്നുകൊണ്ട് കിടക്കുന്നു. 
പിണറായി വിജയന്‍ എഴുതിയ മറുപടിയില്‍ മണിയുടെ രൂപത്തെ പ്രാകൃതമെന്ന് പറയാന്‍ പാടുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. രൂപത്തെയല്ല സ്വഭാവത്തെയാണ് അങ്ങനെ വിളിച്ചതെന്ന് അതിന് തൊട്ടു മുമ്പത്തെ വരിയില്‍ വിജയന്‍ തന്നെ പറയുന്നുണ്ട്. ഏത് തര്‍ജമയിലാണ് രൂപം കടന്നുകൂടിയതെന്ന് ആലോചിക്കേണ്ടി വരും.
വിജയന്റെ കത്തിനു ദേവിയുടെ മറുപടിയിലും ഏകദേശം ഇതുതന്നെയായിരിക്കണം അവസ്ഥ. അത് വിശകലനം ചെയ്യുന്നില്ല.


ഏതായാലും ഈ എഴുത്തുകുത്തുകളും പ്രസംഗങ്ങളും പരിഭാഷപ്പെടുത്തിയവര്‍ തന്നെ ദേവിയുടെ 'ഭാഷായ് തുഡു' പരിഭാഷപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആര്‍ക്കെങ്കിലും അവരെ വിളിച്ച് പറയാവുന്നതാണ്. :)

Thursday 7 June 2012

ബുക്കറിലൂടെ 1: The God of Small Things

ബുക്കര്‍ പ്രൈസ് കിട്ടിയ കൃതികളിലൂടെ ഒരു യാത്രയാണ് ഉദ്ദേശിക്കുന്നത്. ആ കൃതികളെ ഒന്ന് പരിചയപ്പെടുത്താന്‍. ആര്‍ക്കെങ്കിലും എനിക്ക് തോന്നിയ പോലെ എല്ലാ ബുക്കര്‍ പ്രൈസ് നോവലുകളും വായിക്കണം എന്ന് തോന്നിയാല്‍ ഇത് നോക്കാല്ലോ. ഞാന്‍ ഇതിലെല്ലാ നോവലുകളും വായിച്ചട്ടില്ല. വായിക്കുന്നത് വായിക്കുന്നതനുസരിച്ച് ഇവിടെ അപ്‌ഡേറ്റ് ചെയ്യാം.



മലയാളികളില്‍ പലരെയും പോലെ ബുക്കര്‍ കിട്ടിയ നോവലുകളില്‍ ആദ്യം വായിക്കുന്നത് അരുന്ധതി റോയുടെ The God of Small Things ആണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണിത്. പതിനൊന്നിലോ പന്ത്രണ്ടിലോ പഠിക്കുമ്പഴാണ് ആദ്യമായി അത് വായിക്കുന്നത്. കുറെ പ്രാവശ്യം വായിച്ചതുകൊണ്ടാണ് ആദ്യമായി എന്ന് പറയേണ്ടി വരുന്നത്. പുസ്തകത്തിലെ മിക്കവാറും കാര്യങ്ങള്‍ എനിക്ക് കാണാണ്ടറിയാം. അതില്‍ നിന്ന് quote ചെയ്യാത്ത അല്ലെങ്കില്‍ അതിനെപ്പറ്റി ആലോചിക്കാത്ത ദിവസങ്ങള്‍ തന്നെ കുറവാണെനിക്ക്.

എസ്ത, റാഹേല്‍ എന്ന ഇരട്ടകളുടെ കഥയാണ് ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ്. അത് പക്ഷെ അവരുടെ അമ്മ അമ്മുവിന്റെയും ദളിതനായ വെളുത്തയുടെയും പ്രേമകഥകൂടെയാണ്. കുറച്ച് വര്‍ഷം മുമ്പുള്ള ഒരു അഭിമുഖത്തില്‍ അരുന്ധതി റോയ് പറയുന്നുണ്ട്, മലയാളികള്‍ ഈ പുസ്തകത്തിനെ treat ചെയ്ത വിധം. പുസ്തകം അശ്ലീലമാണ് എന്ന് പറഞ്ഞ് ആ സമയത്തും കേസ് ഹൈ കോടതിയുണ്ടത്രെ. അതെന്ത് കേസാണ് എന്നെനിക്കറിയില്ല. പക്ഷെ കുട്ടികളുടെ പുസ്തകമാണ് എന്ന രീതിയില്‍ ഇതിനെ ചിത്രീകരിക്കാന്‍ ശ്രമം നടന്നതായി അവര്‍ പറയുന്നുണ്ട്. കുട്ടികളിലൂടെ വലിയ കാര്യങ്ങള്‍ പറയുന്നതുകൊണ്ടായിരിക്കണം ഇത്.
ഈ പുസ്തകത്തിന്റെ ഭംഗി പകുതിയും അതിലെ ഭാഷ കാരണമാണ്. റോയ് ഭാഷ വച്ച് കളിക്കുകയാണ് ശരിക്കും. അതും വളരെ വൈദഗ്ദ്ധ്യത്തോടെ. ഇതിന്റെ മലയാളം പരിഭാഷ കഴിഞ്ഞ വര്‍ഷം ഇറക്കിയതായി കേട്ടു. അത് നല്ല പരിഭാഷയാണെന്നും തോന്നുണു. മുഴുവന്‍ വായിച്ചില്ല. അവടന്നും ഇവടന്നുമൊക്കെ ചിലത് വായിച്ചു. എത്ര നല്ലതായാലും മലയാളത്തില്‍ ഈ പുസ്തകം വായിക്കരുത് എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഈ പുസ്തകമല്ല, ഏത് പുസ്തകവും ഇംഗ്ലിഷിലാണ് എഴുതപ്പെട്ടത് എങ്കില്‍ ഇംഗ്ലിഷില്‍ത്തന്നെ വായിക്കണം എന്ന പക്ഷക്കാരിയാണ് ഞാന്‍. ഇംഗ്ലിഷ് പരിഭാഷയുണ്ടെങ്കില്‍ അത് വായിക്കുക. ഇല്ലെങ്കില്‍ മാത്രം മലയാളം വായിക്കുക. ബഷീറിനെയൊക്കെ ഇംഗ്ലിഷിലാക്കിയിട്ടുണ്ടല്ലോ ആഷര്‍ സായ്പ്. എന്നാലും നമ്മള്‍ മലയാളം തന്നെയല്ലേ വായിക്കുള്ളൂ.

മലയാളികളുടെ, കൃസ്ത്യാനികളുടെ, കമ്യൂണിസ്റ്റുകാരുടെ, മലയാളി ആണുങ്ങളുടെ, പോലീസുകാരുടെ, ഇങ്ങനെ കുറെയധികം പേരുടെ പൊയ്‌മുഖം നമുക്കുമുന്നില്‍ വാക്കുകള്‍ കൊണ്ട് വരച്ചിടുന്നുണ്ട് റോയ്. ഓരോ വരിയും നൂറ് കാര്യങ്ങള്‍ പറയുന്നു. ഓരോ വരിയും ഓര്‍മിച്ചുവയ്ക്കാന്‍ തോന്നിപ്പിക്കുന്നു. ഇതില്‍ നിന്ന് ഒരി ഭാഗം കാണിച്ചുകൊണ്ട് നിര്‍ത്താം. ഇതിനേക്കാളിഷ്ടപ്പെട്ട ഒരുപാട് സ്ഥലങ്ങള്‍ പുസ്തകത്തിലുണ്ടെങ്കിലും ഇത് തന്നെ quote ചെയ്യാന്‍ ഒരു കാരണമുണ്ട്. ഈയടുത്താണ്. ഇ എം എസ് അരുന്ധതി റോയെപ്പറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വായിക്കുന്നത്. അതിനെപ്പറ്റി ഒരു ബ്ലോഗറുടെ അഭിപ്രായം ഇവിടെ വായിക്കാം. ഇ എം എസ്സിനെയും കേരളത്തിലെ കമ്യൂണിസത്തെയും പറ്റി റോയ് പറഞ്ഞ എന്ത് കാര്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് അറിഞ്ഞിരിക്കുക നല്ലതാണല്ലോ. അതിലൊരു ഭാഗം ഇതാ.

During his second term in office, Comrade E. M. S. went about implementing the Peaceful Transition more soberly. This earned him the wrath of the Chinese Communist Party. They denounced him for his “Parliamentary Cretinism” and accused him of “providing relief to the people and thereby blunting the People’s Consciousness and diverting them from the Revolution.”
Peking switched its patronage to the newest, most militant faction of the CPI(M)-the Naxalites-who had staged an armed insurrection in Naxalbari, a village in Bengal. They organized peasants into fighting cadres, seized land, expelled the owners and established People’s Courts to try Class Enemies. The Naxalite movement spread across the country and struck terror in every bourgeois heart.
In Kerala, they breathed a plume of excitement and fear into the already frightened air. Killings had begun in the north. That May there was a blurred photograph in the papers of a landlord in Palghat who had been tied to a lamp post and beheaded. His head lay on its side, some distance away from his body, in a dark puddle that could have been water, could have been blood. It was hard to tell in black and white. In the gray, predawn light.
His surprised eyes were open.
Comrade E. M. S. Namboodiripad (Running Dog, Soviet Stooge) expelled the Naxalites from his party and went on with the business of harnessing anger for parliamentary purposes.
The March that surged around the skyblue Plymouth on that skyblue December day was a part of that process. It had been organized by the Travancore-Cochin Marxist Labour Union. Their comrades in Trivandrum would march to the Secretariat and present the Charter of People’s Demands to Comrade E. M. S. himself. The orchestra petitioning its conductor. Their demands were that paddy workers, who were made to work in the fields for eleven and a half hours a day-from seven in the morning to six-thirty in the evening-be permitted to take a one-hour lunch break. That women’s wages be increased from one rupee twenty-five paisa a day to three rupees, and men’s from two rupees fifty paisa to four rupees fifty paisa a day. They were also demanding that Untouchables no longer be addressed by their caste names. They demanded not to be addressed as Achoo Parayan, or Kelan Paravan, or Kuttan Pulayan, but just as Achoo, or Kelan or Kuttan.
Cardamon Kings, Coffee Counts and Rubber Barons-old boarding-school buddies-came down from their lonely, far-flung estates and sipped chilled beer at the Sailing Club. They raised their glasses: A rose by any other name, they said, and sniggered to hide their rising panic.

ബുക്കര്‍ നോവലുകളില്‍ ഇന്ത്യക്കാരെ വായിക്കുകയാണെങ്കില്‍ ആദ്യം ഈ പുസ്തകം തന്നെ വായിക്കണമെന്നാണ് എന്റെ അഭിപ്രായം. Midnight's Children ന്റെ ഭാഷ കടുകട്ടിയാണ്. Desai യെയും Naipaul നെയുമൊക്കെ പിന്നെ വായിക്കാമെന്നേ :D

അടുത്തത്, Vernon God Little - DBC Pierre

Monday 4 June 2012

ബസ് സ്റ്റോപ്പിലെ സുന്ദരിയും അവളുടെ ഇരിപ്പും ഇടങ്ങളും


note: ഇതിലെ ഫോട്ടോ ഞാനെടുത്തതാണ്. കുത്തിവരച്ചിരിക്കണതും ഞാന്‍ തന്നെ :D

അസമത്വം എന്നതിനേക്കാള്‍ വ്യത്യാസം എന്നതിലൂന്നി പലതിനെയും കുറിച്ച ചിന്തിക്കുക രസകരമാണ്. ആണ്‍ പെണ്‍ അസമത്വം എന്ന് ചിന്തിക്കുമ്പോളുള്ളത്ര കാര്യങ്ങള്‍ തന്നെ ആണ്‍ പെണ്‍ വ്യത്യാസം എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലേയ്ക്ക് വരാറുണ്ട്. സത്യം പറഞ്ഞാല്‍ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കുകയാണ് എളുപ്പം. സുഖകരം. അസമത്വമാകുമ്പോള്‍ പ്രതീക്ഷയില്ലായ്മയുടെ നിരാശയുണ്ടെനിക്ക്. എന്നാല്‍ വ്യത്യാസങ്ങളെക്കുറിച്ചാലോചിക്കുന്നത് എന്തെങ്കിലും വായിക്കുന്നതുപോലെയാണ്. ചിന്തയെ അതിന്റെ വഴിക്ക് വിട്ട് കിടന്നോ ഇരുന്നോ ഒക്കെ വായിക്കാം. വായിച്ചതെല്ലാം ഓര്‍മയുണ്ടാവണമെന്നില്ല. എന്നാലും ഒരിക്കലും മറക്കാത്ത ചിലതെങ്കിലും ഉണ്ടാവുകയും ചെയ്യും. വ്യത്യാസങ്ങളുടെ ഉല്‍ഭവത്തെക്കുറിച്ച് ചിന്തിച്ചാല്‍ വീണ്ടും പ്രശ്നമാകും എന്നത് വേറെ കാര്യം. ഇപ്പോള്‍ത്തന്നെ രണ്ട് തരം വ്യത്യാസങ്ങളെടുക്കാം. പ്രകൃതി ഉണ്ടാക്കുന്ന വ്യത്യാസങ്ങളുണ്ട്. സ്ത്രീക്ക് പുരുഷനേക്കാള്‍ കായികബലം കുറവാണ് എന്നത് പ്രകൃതി സൃഷ്ടിച്ച വ്യത്യാസമാണ്. ആ വ്യത്യാസം കൊണ്ടുതന്നെ അവര്‍ ചെയ്യുന്ന ജോലികളിലും വ്യത്യാസമുണ്ടാകുന്നു. എന്നാല്‍ വേറെ പല വ്യത്യാസങ്ങളുടെയും ഉല്‍ഭവം മനുഷ്യരിലേയ്ക്ക് തന്നെ വിരല്‍ ചൂണ്ടും. പഠനം കഴിഞ്ഞ്, പോട്ടെ കല്യാണം കഴിഞ്ഞ് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ആണുങ്ങളാണ് എന്നത് ഇതുപോലൊരെണ്ണമാണ്.

പെണ്‍ ഇരിപ്പുകള്‍ ആണ്‍ ഇരിപ്പുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ആദ്യം കാണുന്ന വ്യത്യാസം കാലുകള്‍ അടുപ്പിക്കുന്നതും അകറ്റുന്നതിലുമാണ്. എപ്പോഴെങ്കിലും (പരിചയമില്ലാത്ത) ഒരാണിന്റെ അടുത്ത് ഒരു ബസ്സില്‍ അല്ലെങ്കില്‍ ട്രെയിനില്‍ ഇരുന്നിട്ടുണ്ടോ. ഇത് എളുപ്പം കാണാം. കാലുകള്‍ അടുപ്പിച്ച് പുരുഷന്‍ ഇരിക്കുന്നത് വളരെ ദുര്‍ലഭമായ ഒരു കാഴ്ചയാണ്. ഇല്ലെന്നുതന്നെ പറയാം. ഇത് പറഞ്ഞ് കൊണ്ടെത്തിക്കുന്നത് സ്ത്രീ പുരുഷനെപ്പോലെ ഇരിക്കണമെന്നിടത്തല്ല. ഇരുവരും തമ്മിലുള്ള വ്യത്യാസം നോക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ തോന്നുന്നുണ്ടോ എന്ന് ചിന്തിക്കുന്നിടത്താണ്. എനിക്കേതായാലും തോന്നുന്നുണ്ട്.

ഈ അകറ്റല്‍ അടുപ്പിച്ചുവെയ്ക്കല്‍ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഗതിയാണ്. ആണുങ്ങള്‍ക്ക് അവരുടെ ശരീരഘടനകൊണ്ടുതന്നെ കാലടുപ്പിച്ച് വയ്ക്കുന്നത് പ്രയാസമായിരിക്കും. ശരീരഘടന എന്നു പറയുമ്പോള്‍ വൃഷണങ്ങളുടെ സാന്നിധ്യം എന്ന് വായിക്കണം. എന്നാല്‍ സ്ത്രീയ്ക്ക് കാലകത്തുന്നതിന് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല. കാലകത്തല്‍ എന്നാല്‍ ഒന്നാമതായി സ്പേസിന്റെ പ്രശ്നമാണ്. അകറ്റല്‍ കൂടുതല്‍ ഇടം കയ്യടക്കുന്ന ഒന്നാണ്. കുറച്ചുംകൂടെ സ്റ്റേബിളാണ് എന്നും വേണമെങ്കില്‍ പറയാം. സെന്റര്‍ ഓഫ് ഗ്രാവിറ്റിയൊക്കെ വച്ച് നോക്കുമ്പോള്‍ കാലകത്തിവച്ച് നില്‍ക്കുന്ന ആളാണ് അടുപ്പിച്ച് വച്ച് നില്‍ക്കുന്നയാളെക്കാള്‍ സ്റ്റേബിള്‍. രണ്ടാമതായി ലൈംഗികതയുമായി ബന്ധപ്പെട്ട്. സ്ത്രീയുടെ കാലകത്തല്‍ വ്യക്തമായും ലൈംഗികച്ചുവയുള്ളതാണ്. she spread her legs എന്നാല്‍ അവള്‍ രതിയില്‍ ഏര്‍പ്പെട്ടു എന്നുതന്നെയാണ്. മലയാളത്തിലും തെറിയായും അല്ലാതെയും സ്ത്രീയുടെ കാലകത്തല്‍ രതിയില്‍ പുരുഷനുകീഴെക്കിടക്കുമ്പോള്‍ അവള്‍ ചെയ്യുന്ന പ്രവൃത്തി മാത്രമാണ്. അപ്പോള്‍ ഇരുത്തം ഇടത്തിന്റെയും ലൈംഗികതയുടെയും ചോദ്യമാണ്

പണ്ടെപ്പഴോ വായിച്ച ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പ് ലേഖനത്തില്‍ പെണ്ണ് ചുരിദാറിടുന്നതിനെപ്പറ്റി പറയുന്നുണ്ടായിരുന്നു. ഓര്‍മ ശരിയാണോ എന്നറിയില്ല. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ ചുരിദാറിടാന്‍ പാടില്ല എന്ന ഉത്തരവിനെ സംബന്ധിച്ചായിരുന്നു അത്? ആ ലേഖനം എന്നെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു. അതില്‍ പറഞ്ഞ മിക്കവാറും കാര്യങ്ങള്‍ എനിക്കോര്‍മയില്ല. എഴുതിയതാരാണെന്നുപോലും. പക്ഷെ ചുരിദാറിടുക എന്നാല്‍ സ്ത്രീയുടെ കാലുകളെ അകറ്റുക എന്നതാണെന്ന വെളിപാട് എനിക്ക് അതില്‍ നിന്നാണ് കിട്ടുന്നത്. അവ അകറ്റാത്ത വേഷങ്ങള്‍ മാനദണ്ഡമായി കല്‍പിക്കപ്പെടുന്നത് പുരുഷന്റെ കീഴിലല്ലാതെ അവള്‍ കാലകറ്റാന്‍ പാടില്ല എന്ന വാശി കൊണ്ടാണെന്നും. ആരാധനാലയങ്ങളില്‍ അവളുടെ ലൈംഗികത സ്പഷ്ടമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് ഈ നിയമം. അതും കഴിഞ്ഞ് പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിധി കണ്ടെത്തിയതിനുശേഷം മനോരമയിലോ മറ്റോ വന്ന ഒരു ചിത്രമുണ്ടായിരുന്നു. നിധി കണ്ടെത്തിയത് കാരണം ക്ഷേത്രം സന്ദര്‍ശിക്കുന്നവരുടെ എണ്ണം നല്ലോണം കൂടിയിട്ടുണ്ട് എന്നൊക്കെ പറയുന്ന ഒരു അടിക്കുറിപ്പോടെ. ചിത്രമേതായാലും ക്ഷേത്രത്തിനു പുറത്തുനിന്ന് ഒരു മുണ്ട് വാങ്ങി അത് തന്റെ വസ്ത്രത്തിനുമുകളില്‍ ചുറ്റുന്ന ഒരു വിദേശവനിതയായിരുന്നു. സന്ദര്‍ശകരുടെ തിരക്ക് കാണിക്കാനാണെങ്കില്‍ കുറെ ആളുകളെ കാണിക്കുന്ന പടമിടാമായിരുന്നു. എന്നാലും കാലുകളെ വരിഞ്ഞുകെട്ടുന്ന മുണ്ടുടുപ്പിക്കുന്ന ചിത്രമാണ് പത്രത്തിന് ബോധിച്ചത്. കാണുന്നവര്‍ക്കും അത് നന്നായി ബോധിക്കും. നമ്മള് മാത്രമല്ല, പുറത്തുനിന്നുള്ളവരും നമ്മുടെ 'ഉദാത്തമായ' സംസ്കാരത്തിനുമുന്നില്‍ തൊഴുകൈയ്യോടെ നില്‍ക്കുന്നത് മലയാളിയില്‍ ഒരു പ്രത്യേക രോമാഞ്ചമുണ്ടാക്കും. കാഴ്ചയില്‍ വളരെ ലളിതമെന്നുതോന്നുന്ന ഒന്നും അങ്ങനെയല്ല എന്ന് ഞാന്‍ അതുമുതലാണ് വിശ്വസിക്കുന്നത്. ഈയിടെയായി അതൊരു സംശയരോഗമായി വളരുകയും ചെയ്തിട്ടുണ്ട്. ഒന്നിലും വിശ്വാസമില്ല :)

അപ്പോള്‍ പറഞ്ഞു വരുന്നത് സ്ത്രീയുടെ പരമ്പരാഗത ഇരിപ്പുകളെല്ലാം തന്നെ കാലകത്താതെയുള്ളതാണെന്നാണ്. പല ഹോളിവുഡ് സിനിമകളിലും ടോം ബോയിഷ് ആയ സ്ത്രീകളെ 'സംസ്കാരമുള്ള' സ്ത്രീകളാക്കി മാറ്റുന്ന ഒരു കാഴ്ച കാണാം. അതില്‍ എപ്പോഴും ഈ ഇരുപ്പിന്റെ മാറ്റവുമുണ്ടാവും. Miss Congeniality, Princess Diaries എന്നിവയിലൊക്കെ അത് കാണാം. പെണ്ണ് സിവിലൈസ്‌ഡ് ആയിക്കഴിഞ്ഞു എന്നതിന്റെ ആദ്യ ലക്ഷണം ഇത്തരം സിനിമകളിലെല്ലാം അതുവരെ ശ്രദ്ധിക്കാതിരുന്ന പുരുഷന്മാര്‍ ഇവരില്‍ ആകൃഷ്ടരാകുന്നു എന്നതാണ്

 ഇതാഇവിടെ കാണുന്നതുപോലെയാണ് സ്ത്രീകള്‍ക്കിരിക്കാന്‍ ഉത്തമരീതിയെന്നാണ് ബ്രിട്ടിഷ് സംസ്കാരം പറയുന്നത്. ഇവിടെയാകുമ്പോള്‍ കാലിത്ര നഗ്നമാക്കാതെ എന്നാലിത്രതന്നെ അടുപ്പിച്ച് നേരെ വയ്ക്കുന്നതാണ് രീതി. കേരളത്തിലെ കാര്യമെടുക്കുമ്പോള്‍ നമ്മള്‍ വസ്ത്രധാരണം പ്രത്യേകം കണക്കിലെടുക്കണം. കാലകത്താന്‍ പറ്റുന്ന വേഷങ്ങളിടുന്ന സ്ത്രീകള്‍ താരതമ്യേന കുറവാണ്. ഇനി അങ്ങനെ ഇടുന്നവരായാലും കാലകത്തുന്നതും കുറവ്. ബൈക്കിനോ സ്കൂട്ടറിനോ പുറകിലിരിക്കുന്ന സ്ത്രീകള്‍ എപ്പോഴും വശം ചേര്‍ന്ന് തന്നെയല്ലേ ഇരിക്കാറ്. ഭൂരിഭാഗത്തിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. സാരി ഉടുത്താല്‍പ്പിന്നെ കാല് കവച്ചുവച്ചിരിക്കാന്‍ പറ്റില്ല. ഇനി ചുരിദാറിട്ടവരും ജീന്‍സിട്ടവരുമെല്ലാം മിക്കവാറും ഇരിക്കുന്നതിങ്ങനെ തന്നെ. കാലുമ്മല്‍ കാല്‍ കയറ്റിവച്ചിരിക്കുന്നത് സ്ത്രീകള്‍ക്ക് പൊതുവെ പറഞ്ഞിട്ടുള്ളതല്ല. എന്നാലും ഇത് ചെയ്യുന്നവര്‍ മിക്കവാറും കാല് അടുപ്പിച്ചുവച്ചുള്ള രീതിയിലാണ് ചെയ്യാറ്. ഇതുപോലെഇത് ചെ­യ്യു­ന്ന സ്ത്രീ­ക­ളെ ആണ്‍ കാ­മ­റ­ക്ക­ണ്ണ് എങ്ങ­നെ ഒപ്പി­യെ­ടു­ക്കു­ന്നു എന്ന് ഇവിടെ നോ­ക്കി­യാല്‍ കാ­ണാം­.


എന്നാല്‍ ആണുങ്ങളിലെ കാലുമ്മല്‍ കാല് കയറ്റല്‍ കാലുകള്‍ അകത്തിയുള്ളതും കൂടുതല്‍ ഇടം ആവശ്യപ്പെടുന്നതുമാണ്. ഇതുപോലെ.



ഇനി ഇടം എന്ന രണ്ടാമത്തെ ഘടകം. ഇരിക്കുന്ന ഇടങ്ങള്‍ നോക്കിയാലും പല വ്യത്യാസങ്ങള്‍ കാണാം. ആണുങ്ങള്‍ എവിടെ വേണമെങ്കിലും സങ്കോചമില്ലാതെ ഇരിക്കും. ശ്രദ്ധിച്ചിട്ടുണ്ടോ? ബസ് സ്റ്റോപ്പിന്റെ തിണ്ണയിലായാലും കടകളുടെ തിണ്ണയിലായാലും നിലത്തായാലും എവിടെയും. അതേ സമയം ഒരു ബസ് സ്റ്റോപ്പിന്റെ തിണ്ണയില്‍ സ്ത്രീ ഇരിക്കണമെങ്കില്‍ നല്ലോണം മടിക്കും. ചിലപ്പോള്‍ ഇരിക്കുക തന്നെയില്ല. വേറാരെങ്കിലും മുന്‍കൈയ്യെടുത്താല്‍ ചിലപ്പോള്‍ ഇരുന്നേക്കും. ആണുങ്ങള്‍ സാധാരണയായി ഇരിക്കുന്ന സ്ഥലങ്ങളിലിരുന്നാല്‍ പെണ്ണുങ്ങളെ ആളുകള്‍ നല്ലോണമൊന്ന് നോക്കിപ്പേടിപ്പിക്കും. ഉദാഹരണത്തിന് ഇവിടെ പബ്ലിക് ലൈബ്രറി ബില്‍ഡിങ്ങിനു താഴെയുള്ള തിണ്ണയില്‍ വൈകുന്നേരമായാല്‍ നല്ലവണ്ണം ആളുകളുണ്ടാവും. ഒരു സ്ത്രീയെപ്പോലും അവിടെ കാണുക സാധ്യമല്ല. ലൈബ്രറിയിലേയ്ക്ക് കയറുന്ന പടികളിലും ഇതുതന്നെ അവസ്ഥ. ഒരു പെണ്ണവിടെ ഇരുന്നാല്‍ നാനാഭാഗത്തുനിന്നും നോട്ടങ്ങള്‍ വരുന്നത് അറിയാം. അതുപോലെത്തന്നെയാണ് മിക്കവാറും പൊതു ഇടങ്ങള്‍. പാനി പൂരി വില്‍ക്കുന്ന ഉന്തുവണ്ടികള്‍, തട്ടുകടകള്‍, ചെറിയ ചായക്കടകള്‍, ഇവിടെയൊക്കെ ഒറ്റയ്ക്കൊരു പെണ്ണിനെ കാണുക അല്‍ഭുതമാണ്. വളരെ തിരക്കേറിയ റഹ്മത്ത് ഹോട്ടലില്‍ ഇന്നേവരെ ഞാനല്ലാതെ ഒരു പെണ്ണും ഒറ്റയ്ക്കിരുന്ന് ബിരിയാണി കഴിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. റഹ്മത്ത് പോട്ടെ വിലകൂടിയ ഹോട്ടലുകളില്‍ പോലും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന പെണ്ണിനെ കാണാന്‍ വലിയ പ്രയാസമാണ്. ഇടങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിവച്ചിരിക്കുന്നു. ഇനി അടയാളപ്പെടുത്താത്ത സ്ഥലങ്ങളിലും ഇരിപ്പുകൊണ്ട് അങ്ങനെ ചെയ്യുക വളരെ എളുപ്പമാണ്.

പൊതുവായ ഒരു കാര്യം പറയാം. എവിടെയും നമുക്ക് comfortable ഒരു സാമ്രാജ്യമുണ്ട്. രണ്ടോ അതില്‍ക്കൂടുതലോ ആളുകളുള്ള ഒരിടത്ത് എനിക്കിത്ര ഇടം നിനക്കിത്ര ഇടം എന്ന ഒരു അളക്കല്‍ വിദ്യ പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ട് സ്കൂളില്‍ ഡെസ്കിന്റെ മുകളില്‍ പെന്‍സില്‍ കൊണ്ട് ആഞ്ഞാഞ്ഞ് വരച്ച് അതിര്‍ത്തി നിശ്ചയിക്കുന്നത് പോലെ. രണ്ടുപേര്‍ മുഖത്തോട് മുഖം നോക്കി നിന്ന് സംസാരിക്കുമ്പോള്‍ അവര്‍ തമ്മില്‍ ഒരു comfortable ആയ അകലം പാലിക്കും. ഒരാള്‍ കുറച്ച് കൂടുതല്‍ അടുത്താല്‍ സ്വമേധയാ മറ്റെയാള്‍ പുറകോട്ട് പോകും. ഡെസ്കിന്റെ മുകളിലെ പെന്‍സിലിന്റെ അറ്റം ഒന്നിപ്പുറത്തേയ്ക്കായാല്‍ വഴക്കുണ്ടാക്കുന്നതുപോലെയുള്ള ഒരു നിശ്ശബ്ദകലഹം. നിപ്പിലൂടെയും ഇരിപ്പിലൂടെയും ഈ ഇടത്തിന്റെ വരമ്പുകളാണ് നിശ്ചയിക്കപ്പെടുന്നത്. ആണിന്റെ നിപ്പും ഇരിപ്പുമെല്ലാം default ആയി കൂടുതല്‍ ഇടം കയ്യടക്കുന്നതാണെങ്കില്‍ പെണ്ണിന്റെത് കൂടുതല്‍ കൂടുതല്‍ തന്നിലേയ്ക്ക് തന്നെ ഒതുങ്ങിക്കൂടുന്നതാണ്.

ഉദാഹരണത്തിന് കൈ അരയ്ക്ക് കൊടുത്ത് നില്‍ക്കുന്ന നിപ്പ് സ്ത്രീകളില്‍ കുറവാണ്. ഒരു കൈ പിന്നെയും കാണാം. രണ്ട് കൈയും കുത്തി നില്‍ക്കുന്നത് കാണാന്‍ കുറച്ച് ബുദ്ധിമുട്ടാണ്




ഇതുപോലെ. മോഡലുകളായ സ്ത്രീകള് മുഴുവന്‍ റാം പില്‍ നടക്കുന്നതും പോസ് ചെയ്യുന്നതും ഇങ്ങനെയാണെന്നത് വേറൊരു രസകരമായ വസ്തുതയാണ്. മോഡലിങ്ങ് എന്നൊക്കെപ്പറഞ്ഞാല്‍ സ്ത്രീയെ സംബന്ധിച്ച് ഒരു ലൂസ് ജീവിതമാണെന്നാണ് വെപ്പ്. അവര്‍ക്കാണ് ഈ നിപ്പ് ചേരുകയത്രെ! ഇനി കുറച്ചുംകൂടെ സ്പഷ്ടമായ വേറൊരുദാഹരണം. ഒരു തിയറ്ററില്‍ സിനിമ കാണാന്‍ പോയാല്‍ ബാല്‍ക്കണിയുടെ ഏറ്റവും താഴത്തെ നിരയിലുള്ള ആണുങ്ങളില്‍ പലരും കാലെടുത്ത് മുമ്പിലത്തെ തിണ്ണയില്‍ വയ്ക്കുന്നത് കാണാം. ചെലോര് അതിങ്ങനെ വെറപ്പിക്കുകയും ചെയ്യും. ആള് കുറവാണെങ്കില്‍ ഏതു സീറ്റിലായാലും മുമ്പിലത്തെ സീറ്റിന്റെ മുകളില്‍ കാലെടുത്തു വയ്ക്കും. ഇരിക്കുന്ന സീറ്റിന്റെ ഇരുവശത്തേയ്ക്കും കൈകളും വിടര്‍ത്തും. അടയിരിക്കുന്ന കോഴിയെപ്പോലെ. അവിടെയൊക്കെ അടയാളപ്പെടുത്തുന്നത് ഇടങ്ങളാണ്. ഇങ്ങനെ ചെയ്യുന്ന സ്ത്രീകളെ കാണാന്‍ നന്നെ പ്രയാസമാണ്. ഞാനിന്നേവരെ കണ്ടിട്ടുമില്ല. ഒരു സ്ഥലത്തെത്തിയാലുടന്‍ അവരുടെ സാമ്രാജ്യം വികസിപ്പിക്കുക എന്നതാണ് ആണുങ്ങള്‍ ചെയ്യുന്നതെന്നര്‍ഥം. സ്ത്രീയാകട്ടെ പുരുഷന്‍ സൃഷ്ടിച്ച ഈ ഇടത്തിന്റെ ഉള്ളില്‍ എങ്ങിനെ ഏറ്റവും ഭംഗിയായി ഒതുങ്ങാം എന്ന് കണ്ടുപിടിക്കുന്നു. കാലങ്ങളിലൂടെ അതില്‍ വളരെ വൈഗദ്ധ്യവും നേടിയിരിക്കുന്നു. ഒഴിക്കുന്ന പാത്രത്തിന്റെ രൂപത്തിലേയ്ക്ക് വെള്ളം എളുപ്പം മാറുന്നതുപോലെ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം നടക്കുന്നത് നടപ്പിലാണ്. തിരക്കിനിടയില്‍ സ്ത്രീകളെല്ലാം ചെയ്യുന്നത് ഒഴിഞ്ഞുമാറലാണ്. വഴികൊടുക്കല്‍. സ്ത്രീയ്ക്കെതിരെ ഒരു പുരുഷന്‍ നടന്നടുക്കുമ്പോള്‍ അവള്‍ സ്വമേധയാ വഴിയൊഴിഞ്ഞ് കൊടുക്കും. ഇങ്ങനെ അനേകം വഴിമാറലുകളാണ് പെണ്ണിന്റെ നടത്തിത്തിനിടയില്‍ സംഭവിക്കുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഒരു ഇടംതിരിക്കല്‍. ഇത് മനസ്സിലാക്കാന്‍ ഒരു ചെറിയ പരീക്ഷണം നടത്തിയാല്‍ മതി. തിരക്കുള്ള റോട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് നില്‍ക്കുക. ഉറപ്പായും എതിരെ വരുന്ന ആളുകള്‍ നിങ്ങളുമായി കൂട്ടിയിടിക്കും. കൂട്ടിയിടിച്ചില്ലെങ്കിലും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ ഒരു ആശയക്കുഴപ്പം അവിടെ ഉണ്ടാകും. നിങ്ങള്‍ വഴിമാറിത്തരും എന്ന് അവര്‍ പ്രതീക്ഷിച്ച്കൊണ്ട് നടക്കുമ്പോള്‍ സംഭവിക്കുന്നതാണിത്.

ഇനിയും പല പല നിപ്പുകള്‍ ആണുങ്ങളില്‍ കൂടുതലും പെണ്ണുങ്ങളില്‍ കുറവുമാണ്. നേരത്തെ പറഞ്ഞ രണ്ട് ഫാക്റ്ററുകള്‍ ഇവയിലെല്ലാം പ്രവര്‍ത്തിക്കുന്നത് കാണാം. കാലകത്തലും ഇടം കൈക്കലാക്കലും. മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുരുഷന്മാര്‍ ഒരു കാല് മതിലിലൂന്നുന്നത് പതിവാണ്. ആ നിപ്പ് ഇടം കൈയ്യേറുക മാത്രമല്ല അവിടെ കാണാന്‍ പറ്റുന്ന ഒരു രേഖയും വരയ്ക്കുന്നുണ്ട്. മതിലില്‍ വീഴുന്ന ചെരുപ്പിന്റെ പാടിലൂടെ. അതിര്‍ത്തി രേഖപ്പെടുത്താന്‍ മൃഗങ്ങള്‍ മൂത്രമൊഴിക്കുന്നതു പോലെയാണിത്. ഹോട്ടലുകളില്‍ ചെന്നാല്‍ കാണുന്ന ഫാമിലി റൂം എന്ന് വിളിക്കുന്ന സ്ഥലം ഇതിന്റെ വേറൊരു ദൃഷ്ടാന്തമാണ്. ഫാമിലി എന്നതുകൊണ്ട് സ്ത്രീയുടെ സാന്നിധ്യം മാത്രമാണ് ഉദ്ദേശിക്കുന്നത്. ഒരു ആണും കുട്ടികളും മാത്രമാണ് വരുന്നതെങ്കില്‍പോലും ഫാമിലി റൂമിലേയ്ക്ക് ആനയിക്കപ്പെടാന്‍ സാധ്യത കുറവാണ്. എന്നാല്‍ പുരുഷനും സ്ത്രീയും കുട്ടികളും അല്ലെങ്കില്‍ പുരുഷനും സ്ത്രീയും വരുമ്പോള്‍ എളുപ്പം ആ മുറിയിലേയ്ക്കുള്ള വഴി തെളിയും. സ്ത്രീ ഒറ്റയ്ക്കായാലും മിക്കവാറും ഇത് നടക്കും. ഹോട്ടല്‍ മുഴുവന്‍ ആണിന്റെ ഇടവും സ്ത്രീ വരുമ്പോള്‍ അതില്‍ നിന്ന് ഒരു ചെറിയ ഇടം വീതിച്ച് നല്‍കുകയുമാണ് ഇവിടെ നടക്കുന്നത്. കമന്റടി എന്ന പ്രതിഭാസം തന്നെയുണ്ടാകുന്നത് ഇരിപ്പിന്റെ ഇടം തിരിവ് കാരണമാണ്. ആണുങ്ങള്‍ വഴിയരികുകളില്‍ പോസ്റ്റിനും മതിലിനും കലുങ്കിനുമെല്ലാം മുകളിലായി ഇരിക്കും. ആ ഇടം സ്വന്തമായുള്ളതുകൊണ്ടാണ് അതുവച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെന്ന് ആലോചിക്കുകയും ആണ്‍ബുദ്ധിയില്‍ കമന്റടിക്കുക എന്ന ആശയം ഉടലെടുക്കുകയും ചെയ്യുന്നത്. അങ്ങിനെ എത്രയെത്ര കാര്യങ്ങള്‍.

ഞാന്‍ പറഞ്ഞല്ലോ ഇതിനര്‍ഥം ആണുങ്ങളുടെ നിപ്പും ഇരിപ്പും നടത്തവുമെല്ലാം പെണ്ണുങ്ങളും പിന്തുടരണം എന്നല്ല. യഥാര്‍ഥത്തില്‍ അവയില്‍ പലതും വളരെ അരോചകമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു കാല് മതിലിലൂന്നുന്നത് കാണുന്നതേ എനിക്കറപ്പാണ്. അതുപോലെത്തന്നെ തിയറ്ററിലെ കാല് കയറ്റിവയ്ക്കല്‍. അത് കണ്ടാലപ്പോളെനിക്ക് കലിയിളകും. നമ്മുടെ മുമ്പിലാണവര്‍ ഇരിക്കുന്നതെങ്കില്‍ സ്ക്രീനിന്റെ ഒരു ഭാഗം അവരുടെ കാലും വിറയലും കവര്‍ന്നെടുക്കുകയും ചെയ്യും. ഒന്നാലോചിച്ചുനോക്കൂ, നമ്മുടെ കാഴ്ച തന്നെയാണ് അവിടെ അപഹരിക്കപ്പെടുന്നത്. ആണുങ്ങളുടെ ഈ നിപ്പിലും ഇരിപ്പിലും ഭയങ്കരമായ ഒരു കൊളോനിയല്‍ സ്വഭാവമുണ്ട്. അത് നല്ലതാണെന്ന് ഞാന്‍ കരുതുന്നുമില്ല. പക്ഷെ ഈ വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കുക അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇടങ്ങള്‍ അടയാളപ്പെടുത്തുന്ന സ്ത്രീയെ പുരുഷനും സ്ത്രീയും ഒരുപോലെ വെറുക്കുന്നുണ്ട്. വെറുപ്പല്ലെന്ന് തോന്നുന്നു. ഭയമാണവര്‍ക്ക്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരിങ്ങനെയാണ്. കുപ്പി പെറുക്കുന്നവര്‍, പലതരം വില്‍പനക്കാര്‍, വേശ്യകള്‍ ഇവര്‍ക്കൊന്നും എവിടെയും ഇരിക്കുന്നതിന് പ്രശ്നമില്ല. തൊഴിലാളികളില്‍ ഇത് നന്നായി കാണാം. രാവിലെ ബസ്സില്‍ കയറുമ്പോള്‍ തൂമ്പയും മറ്റുമായി പണിക്ക് പോകാന്‍ കയറുന്ന തമിഴരില്‍ സ്ത്രീകളും കാണും. ബസ്സിലുള്ള ബാക്കിയുള്ളവര്‍ക്കെല്ലാം ഇവര്‍ കേറിയാലുടനെ മുഖം ചുളിയും. എന്താണ് കാരണം. അവര്‍ അവരുടെ ശബ്ദം കൊണ്ടുതന്നെ ആദ്യം ഇടം തിരിക്കുന്നു. അവരിലെ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ ഉച്ചത്തിലാണ് സംസാരിക്കുന്നത്. അവരുടെ പണിയായുധങ്ങളും അവരും ഇടങ്ങളിലെ അതിര്‍ത്തികള്‍ തീരുമാനിക്കുന്നു. അവരിലെ സ്ത്രീകളുടെ അടുത്തിരിക്കുന്ന മറ്റു സ്ത്രീകള്‍ക്കെല്ലാം അവരിറങ്ങുന്നതുവരെ മുഖത്ത് പ്രയാസം നിഴലിക്കും. ഇതില്‍ ശ്രദ്ധേയമായ കാര്യം ഇരുവരും തമ്മില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല എന്നതാണ്. രാവിലെ ബസ്സില്‍ കയറുന്ന സ്ത്രീകളില്‍ മിക്കവരും ജോലിക്കുപോകുന്നവരാണ്. ഇവരുടെ ഹാന്റ്ബാഗും മറ്റവരുടെ തൂമ്പയും തമ്മില്‍ എന്താണ് വ്യത്യാസം. റെയില്‍‌വേസ്റ്റേഷനിലും ബസ് സ്റ്റാന്റിലുമൊക്കെ ഇതുതന്നെ കാണാം. ഇടങ്ങളില്‍ ഒരു ജനാധിപത്യബോധം പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥലം പുത്തന്‍ തലമുറയിലെ ഹാങ്ങ് ഔട്ടുകളാണ്. കഫേ കോഫി ഡേ, കെ എഫ് സി തുടങ്ങി മോളുകളിലെല്ലാം ഇടങ്ങളിലെ വിതരണം ഏറെക്കുറെ തുല്യമാണ്. ഫിലിം ഫെസ്റ്റിവലുകള്‍ പോലെയുള്ള ബുദ്ധിജീവി സ്ഥലങ്ങളിലും ഇത് കാണാം. പക്ഷെ ഈ രണ്ടറ്റങ്ങളിലും മാത്രം പോരല്ലോ. കൈയ്യടിക്കി വയ്ക്കപ്പെടുന്ന ഇടങ്ങള്‍ പിടിച്ചെടുക്കേണ്ടതുണ്ട്. പിടിച്ചെടുത്തിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് തോന്നുന്നവ പോലും. ഇപ്പോള്‍ ആണുങ്ങളെപ്പോലെ റോഡിന്റെ വശം ചേര്‍ന്നിരുന്ന് കമന്റടിച്ചതുകൊണ്ട് പ്രത്യേകിച്ച് ആനന്ദമൊന്നും കിട്ടാനില്ല. (കിട്ടുന്നവരും ഉണ്ടാകും) പക്ഷെ മറ്റൊരാളുടെ വസ്ത്രധാരണത്തെയോ നടപ്പിനെയോ നിപ്പിനെയോ കുറിച്ച് പരസ്യമായി വിലയിരുത്തലുകള്‍ നടത്തുക എന്നത് നല്ലൊരു കാര്യമല്ല എന്നും അത് സാധ്യമാക്കുന്ന ഇടങ്ങള്‍ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വിടുവിക്കേണ്ടതുണ്ട് എന്നും മനസ്സിലാക്കുക ആവശ്യമാണ്. ഇത്തരം തിരിച്ചറിവുകളില്‍ ഊന്നുമ്പോള്‍ സ്വാഭാവികമായും നടപ്പിലും ഇരിപ്പിലും വരുന്ന മാറ്റങ്ങള്‍ വരാന്‍ ഒരാള്‍ സ്വയം അനുവദിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം ചെറുതെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ നിന്നാണ് മാറ്റം എപ്പോഴും തുടങ്ങുന്നത്. ആ മാറ്റം തരുന്ന ആനന്ദം അത്രയൊന്നും ചെറുതല്ല താനും.

ഒരു കുഞ്ഞി വാല്‍ക്കഷ്ണം കൂടെ.

ഇവിടെ മലാപ്പറമ്പ് ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുമ്പോള്‍ വലതുവശത്തേയ്ക്ക് നോക്കുന്നവരെല്ലാവരും പെട്ടന്ന് തന്നെ മുഖം തിരിക്കുന്നത് കാണാം. അവിടെ ഒരു ബില്‍ബോര്‍ഡുണ്ട്. ഫീലിങ്ങ്സ് എന്ന അടിവസ്ത്ര കമ്പനിയുടേത്. അടിവസ്ത്രത്തിന്റെ പരസ്യങ്ങള്‍ നഗരത്തില്‍ അമ്പാടുമുണ്ടെങ്കിലും ഈ പരസ്യം മാത്രം ആളുകളെ തെല്ല് നേരത്തേയ്ക്ക് അസ്വസ്ഥരാക്കുന്നുണ്ട്. അതിലെ സ്ത്രീ ബ്രായും ഒരു കുഞ്ഞി ട്രൌസറുമിട്ട് ചമ്രം പണിഞ്ഞിരിക്കുകയാണ്. മടിയില്‍ തിന്നുന്ന എന്തോ സാധനമാണെന്നു തോന്നുന്നു. അതിന്റെ ഒരു ചില്ലുപാത്രം. കൈകളുയര്‍ത്തി ആ വട്ടം വട്ടം സാധനം അവരെറിയുകയോ മറ്റോ ആണ്. തങ്ങള്‍ക്കുനേരെ ഒരു സ്ത്രീ (അടിവസ്ത്രം മാത്രമിട്ട്) കാലകത്തി ഇരിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന ഞെട്ടലാണ് യാത്രക്കാര്‍ക്കെല്ലാം. ആ ചിത്രം അതിമനോഹരമാണെന്ന് മനസ്സിലാക്കാനുള്ള സമയം പോലും ആരും കൊടുക്കുന്നില്ല. കണ്ണൊന്ന് വെട്ടിച്ച് പിന്നെ ഒളികണ്ണിട്ട് അവളുടെ കവച്ച് വച്ച കാലുകളെ നോക്കി ബസ്സുകളെല്ലാം അമര്‍ഷത്തിലെന്നപോലെ മുക്കിയും മൂളിയും മലാപ്പറമ്പിലൂടെ...