Saturday 21 July 2012

ഒരു ബ്ലഡി മല്ലുവിന് പറയാനുള്ളത്

കഴിഞ്ഞ ആഴ്ച എനിക്ക് എന്റെ ജീവിതത്തില്‍ ആദ്യമായി മലയാളിയായതില്‍, സൌത് ഇന്ത്യക്കാരിയായതില്‍ അഭിമാനം തോന്നി. ദേശസ്നേഹം സ്വന്തം നാട് സ്നേഹം എന്നൊക്കെപ്പറഞ്ഞാല്‍ മൈരാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. എന്നാലും ജമ്മു താവി എന്ന റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ഡല്‍ഹിയിലേയ്ക്ക് എത്തുംവരെയുള്ള സമയമത്രയും ഞാന്‍ കേരളത്തെക്കുറിച്ചും അവിടുത്തെ ആളുകളെക്കുറിച്ചും സ്നേഹത്തോടെ മാത്രം ഓര്‍ത്തു. ഇന്നുവരെ തെറി പറഞ്ഞോണ്ട് നടന്നിരുന്ന മലയാളി പുരുഷന്മാരെയും സ്ത്രീകളെയും (ഇതിന്റെ ആഘാതം കഴിഞ്ഞാല്‍ ഇനിയും പറയുമെങ്കിലും) ഞാന്‍ സ്തുതിച്ചു. കാരണം ആ തീവണ്ടിയില്‍ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ അനുഭവം കേരളത്തില്‍ വച്ച് ഒരിക്കലും ഉണ്ടാവില്ല എന്നെനിക്കുറപ്പാണ്.
 
ഏതെങ്കിലും ദേശക്കാരായതുകൊണ്ടുമാത്രം ആളുകളെ കളിയാക്കുന്നത് ശരിയല്ല എന്നൊക്കെ ഉറച്ച് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളൊന്നും അതിനെ ബാധിക്കാന്‍ പാടില്ല എന്നും മറ്റും. ഉദാഹരണത്തിന് എനിക്ക് കോട്ടയത്തിനോട് കാര്യമായ വിരോധമുണ്ട്. പക്ഷെ അത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. ചില ഓര്‍മകള്‍ ചില സ്ഥലങ്ങളുമായി നമ്മള്‍ ബന്ധിപ്പിച്ചിടുന്നത് കൊണ്ട്. എന്നാലും കോട്ടയംകാരെ കോട്ടയംകാരായതുകൊണ്ടുമാത്രം കളിയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അവിടുത്തെ ആണുങ്ങള്‍ക്ക് റബറും പെണ്ണും തീറ്റയും മാത്രമാണ് പണിയെന്ന് എന്റെ സുഹൃത്ത് പറഞ്ഞപ്പോള്‍ ഞാന്‍ വിയോജിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോള്‍ അതിന് കാരണക്കാരായവരുടെ സ്ഥലവും മതവും മറ്റും കഴിയുമെങ്കില്‍ ഒഴിവാക്കി വിവരിക്കാറുണ്ട്. പക്ഷെ ഇന്ന് ഞാനത് ചെയ്യുന്നില്ല. ഈ എഴുത്തില്‍ അറിയാവുന്ന പേരുകളെല്ലാം ഞാന്‍ പറയും. ദേശപ്പേരുകളെടുത്ത് സംസാരിക്കും.
 
പറയാന്‍ പോകുന്ന സംഭവമുണ്ടായ വിനോദയാത്രയ്ക്കിടയില്‍ ഉണ്ടായ വേറൊരനുഭവം വെച്ച് തുടങ്ങാം. (കശ്മീരിലേയ്ക്കായിരുന്നു യാത്ര. അതിമനോഹരമായ സ്ഥലം. യാത്ര പൊട്ട. :) ) സോനമാര്‍ഗില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് തിരിച്ചുവരുന്ന വഴി ഒരു പാര്‍ക്കില്‍ കയറി. അവിടെ ഒരു കടയില്‍ കയറി വെള്ളം വാങ്ങാന്‍ പോയപ്പോള്‍ കയ്യില്‍ ചില്ലറയില്ല. ചില്ലറയില്ലെന്ന് പറഞ്ഞപ്പോള്‍ പഞ്ചാബിയായ കടയുടമ എന്റെ കയ്യിലുണ്ടായിരുന്ന purse സ്വയം പരിശോധിച്ചു. ചോദിക്കലും പറയലുമൊന്നുമില്ല. എന്റെ കയ്യില്‍ പിടിച്ചിരിക്കുകയായിരുന്ന purse ന്റെ അറകള്‍ ഓരോന്നായി ചികഞ്ഞ് ഇവിടെയുണ്ടോ ഇവിടെയുണ്ടോ എന്ന് ആത്മഗതം. എന്നിട്ടെന്നോട് എവിടെനിന്നാണെന്നൊരു ചോദ്യം. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, നിങ്ങളിപ്പോള്‍ ചെയ്തത് പോലെ purse ഇങ്ങനെ അലസമായി കൈയ്യില്‍ പിടിച്ചുകൊണ്ട് നിന്നാല്‍ ബീഹാറിലാണെങ്കില്‍ അതെപ്പപ്പോയീന്ന് ചോദിച്ചാല്‍ മതി. (തന്നെ തന്നെ) ഞാന്‍ ചോദിച്ചു, നിങ്ങളെവിടെനിന്നാണ്. എന്ത് പറയണമെന്നാലോചിച്ച് കൊണ്ട് രണ്ട് നിമിഷം നിന്ന്  ദില്ലി എന്ന് കള്ളം പറഞ്ഞു അയാള്‍. അവിടുത്തുകാരെപ്പറ്റിയും ഞാനിതുതന്നെയാണ് കേട്ടിട്ടുള്ളത് എന്ന് ഞാനും ഒരു കള്ളം പറഞ്ഞു. (എനിക്കുമാവാല്ലോ)


അടുത്ത ദിവസമാണ് മടക്കയാത്ര തുടങ്ങുന്നത്. ഫ്ലൈറ്റിനല്ല, മുഴുവന്‍ ട്രെയിനിലാണ് യാത്ര. അത് ഞങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു. ഫ്ലൈറ്റ് അവിടെ ഒരിക്കലും ഒരു luxury അല്ല, necessity മാത്രമാണ് എന്ന് വൈകാതെ മനസ്സിലായി. ജമ്മു തവിയില്‍ നിന്ന് ദില്ലിയിലേയ്ക്ക് സ്ലീപര്‍ ടിക്കറ്റുകളാണ് കിട്ടിയത്. സീറ്റ് നമ്പറുകള്‍ പോലും ഇപ്പോഴും ഓര്‍മ. S1 58 59 60. അത്രയധികം പ്രാവശ്യം അത് പലരോടുമായി പറയേണ്ടി വന്നതുകൊണ്ട്. ജമ്മു തവി എന്ന സ്റ്റേഷനിലെത്തിയപ്പോഴാണ് നമ്മുടെ നാടിനെ ഞാന്‍ തൊഴുന്നത്. ഇന്ത്യയലെ ആദ്യ ട്രെയിന്‍ പോയത് ജമ്മു താവിയില്‍ നിന്ന് എങ്ങ്ടോ ആയിരുന്നു എന്ന് പണ്ട് പഠിച്ചതുപോലെ ഒരോര്‍മയുണ്ട്. ആണെങ്കിലും അല്ലെങ്കിലും ആദ്യ യാത്രയ്ക്കു ശേഷം ആ സ്റ്റേഷനില്‍ മാറ്റമൊന്നും വന്നു എന്നെനിക്ക് തോന്നുന്നില്ല. അവിടെ എനൌണ്‍സ്മെന്റുകളില്ല. (ട്രെയിന്‍ വരാന്‍ പോണു, വന്നു, ഇപ്പപ്പോകും തുടങ്ങിയവയാണ് ഇല്ലാത്തത്. ഇടയ്ക്ക് ഇവിടെ ഒരു കുട്ടിയെ കളഞ്ഞുകിട്ടിയിട്ടുണ്ട് എന്നൊരു അനൌണ്‍സ്മെന്റ് കേട്ടു). ടിക്കറ്റ് കൌണ്ടറില്‍ നിന്ന് തുടങ്ങി ഉള്ള രണ്ടോ മൂന്നോ പ്ലാറ്റ്ഫോമുകളപ്പടി ആളുകളിരിക്കുകയാണ്. നിലത്ത്. ഇരിക്കാന്‍ ഒന്നോ രണ്ടോ ബെഞ്ചുകളുണ്ടെന്ന് തോന്നുണു. എന്നാല്‍ അവിടെയുള്ളത് ഉത്തരേന്ത്യയുടെ പകുതി ജനസംഖ്യയാണെന്ന് തോന്നും. ആളുകള്‍ നിലത്തിരുന്നും കിടന്നുമൊക്കെ തീവണ്ടിക്ക് കാക്കുന്നു. സ്റ്റേഷന്‍ അവര്‍ക്ക് വീടാണെന്ന് തോന്നും. കുളി, കക്കൂസില്‍ പോക്ക് മൂത്രമൊഴി ഭക്ഷണം കഴിക്കല്‍ എല്ലാം പ്ലാറ്റ്ഫോമുകളില്‍ തന്നെ. അവിടെയിരുന്ന് മുടി വെട്ടിക്കൊടുക്കുന്ന ഒരാളെ ഞാന്‍ കണ്ടു. എനിക്ക് തോന്നുന്നത് കുറച്ചൊന്ന് തിരഞ്ഞാല്‍ മറയില്ലാതെയോ ഉണ്ടായിട്ടോ ഭോഗിക്കുന്നവരെ വരെ അവിടെ കാണാനാവുമെന്നാണ്. മൂന്ന് മണിക്കൂറിനടുത്ത് വണ്ടിക്ക് വേണ്ടി കാത്തിരിക്കേണ്ടതായുണ്ടായിരുന്നു. വെയിറ്റിങ്ങ് റൂം എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് വിരലിലെണ്ണാവുന്ന കസേരകളിലൊന്നില്‍ ഞാനിരുന്നു. അവിടെയിരുന്ന് കുറെ ചുറ്റും നോക്കി. പിന്നെ കണ്ണടച്ചു. അധികം വൈകാതെ പ്രത്യേകിച്ചൊന്നും ചെയ്യാതെ കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങി. നിസ്സഹായത, ഗത്യന്തരമില്ലാതിരിക്കല്‍ എന്നിങ്ങനെയുള്ള അവസ്ഥകള്‍ ഒരുമിച്ച് വന്നാലും ഞാന്‍ കരയും എന്നെനിക്ക് മനസ്സിലായി.
 
ട്രെയിനില്‍ തിരക്കായിരിക്കും എന്ന് സ്റ്റേഷനിലെ തിരക്കില്‍ നിന്നൂഹിക്കാവുന്നതായിരുന്നു. പക്ഷെ കയറിപ്പറ്റിയാല്‍ പിന്നെ പ്രശ്നമില്ലല്ലോ. കണ്‍ഫേമ്ഡ് സ്ലീപര്‍ ടിക്കറ്റുണ്ട്. പക്ഷെ കയറിപ്പറ്റുക എന്നാല്‍ മരണം മുന്നില്‍ കാണുകയായിരിക്കും എന്ന് വിചാരിച്ചിരുന്നില്ല. ട്രെയിന്‍ വന്നതും ആളുകള്‍ തിക്കിത്തിരക്കാന്‍ തുടങ്ങി. സ്വാഭാവികം. പക്ഷെ തിക്കിത്തിരക്കല്‍ എന്നൊക്കെപ്പറഞ്ഞാല്‍ ഒരു കൊലപാതക മനോഭാവത്തോടെയാണവിടെ. സീറ്റിനു വേണ്ടി അതിവേഗം ഓടുകയായിരുന്ന രണ്ടുപേര്‍ തടസ്സം നില്‍ക്കുകയാണെന്നവര്‍ക്ക് തോന്നിയ എന്നെ ഒരു ഭീമാകാരപ്പെട്ടി കൊണ്ട് ഇടിച്ചിട്ടു. സിനിമയിലൊക്കെയേ ആളുകള്‍ (റോപ് ഉപയോഗിച്ച്) പറക്കുന്ന പ്രതിഭാസം ഞാന്‍ കണ്ടിട്ടുള്ളൂ. പക്ഷെ പക്ഷെ കുറച്ച് നേരത്തേയ്ക്ക് ഞാന്‍ സ്ലോ മോഷനില്‍ പറക്കുകയായിരുന്നു. സിനിമയായിരുന്നെങ്കില്‍ നല്ല കാര്യമാണ്. എഡിറ്റര്‍ക്ക് റോപ് മായ്ച്ചു കളയുക എന്ന പണിയില്ല. അമ്മ എന്റെ കൈ പിടിച്ചിട്ടില്ലായിരുന്നെങ്കില്‍ പുറകിലത്തെ ജനക്കൂട്ടത്തിലേയ്ക്ക് ഞാന്‍ വീണുപോവുകയും എത്ര തിരഞ്ഞാലും കണ്ടുപിടിക്കാനാവാത്ത വിധം അതിലെവിടെയോ നഷ്ടപ്പെട്ടുപോവുകയും ചെയ്യുമായിരുന്നു എന്നെനിക്കുറപ്പാണ്.
 
കേരളത്തിന്റെ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വളരെയേറെ തീവണ്ടിയാത്രകള്‍ നടത്തിയിരിക്കുന്നു. ഒരു പെണ്‍കുട്ടിയെ  (മിക്കവാറും ആണ്‍കുട്ടികളെയും) സംബന്ധിച്ച് നന്നെ ചെറിയ പ്രായത്തില്‍ തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാനും തുടങ്ങി. സ്ലീപര്‍ സ്ലീപര്‍ എന്നു പറഞ്ഞാല്‍ എന്താണെന്നറിയാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം സ്ലീപര്‍ ടിക്കറ്റെടുക്കുകയാണ് (കയ്യില്‍ പൈസയുണ്ടെങ്കില്‍) സൌകര്യം. സ്ലീപറിലും വന്‍ തിരക്കായി എറണാകുളം മുതല്‍ കോഴിക്കോട് വരെ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ മിക്കവാറും സീറ്റുണ്ടാവാനാണ് സാധ്യത. പക്ഷെ സീറ്റുണ്ടാവുക എന്നാലെന്താണെന്ന് ഉത്തരേന്ത്യക്കാരെ അക്ഷരം പഠിപ്പിക്കുന്നതുപോലെ പഠിപ്പിക്കേണ്ടതുണ്ട്. പ്രിയ നോര്‍ത്തേ, സ്ലീപറില്‍ ഈ സീറ്റ് നമ്പറില്ലാതെ കിട്ടുന്ന ടിക്കറ്റുകളുണ്ടല്ലോ, അത് തോന്നിവാസത്തിനുള്ളതല്ല. നമ്പറുള്ള ടിക്കറ്റുകളുള്ളവര്‍ ഇരുന്നു കഴിഞ്ഞാല്‍ സീറ്റുണ്ടെങ്കില്‍ പകല്‍ നിങ്ങള്‍ക്ക് അതിലെവിടെ വേണമെങ്കിലും ഇരിക്കാം. (ഇരിക്കാം എന്ന് പറയുമ്പോള്‍ ഇരിക്കാം എന്ന് തന്നെ വായിക്കണം. കുടിച്ചു കൂത്താടാം എന്ന് വായിക്കരുത്. കാരണം നിങ്ങളില്‍ പലര്‍ക്കും അക്ഷരാഭ്യാസം കുറവാണ് എന്ന് നിങ്ങള്‍ തന്നെ പറഞ്ഞു കേട്ടു) രാത്രിയായാല്‍ സ്ലീപറില്‍ ആളുകള്‍ സ്ലീപ് ചെയ്യുന്നതുകൊണ്ട് ഇരിക്കാന്‍ പറ്റില്ല.

S1 ല്‍ കയറുക അസാധ്യമായിരുന്നു. അത്രയും തിരക്ക്. അടുത്ത കംപാര്‍ട്ട്മെന്റില്‍ കയറി ഉള്ളിലൂടെ കടക്കാമെന്ന് വിചാരിച്ചു. അത് എ.സി ആയിരുന്നു. അവിടെ മൂന്ന് TTE മാര്‍ ഉണ്ട്. അവരിലൊരാളോട് ടിക്കറ്റ് എ.സി യിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്ത് തരാമോ എന്ന് ചോദിച്ചു. അയാള്‍ പറ്റില്ല എന്ന് പറഞ്ഞു. അടുത്തു നില്‍ക്കുകയായിരുന്ന ആള്‍ പറഞ്ഞത് Third AC യില്‍ ഇതു തന്നെയാണ് അവസ്ഥ എന്നാണ്. ടിക്കറ്റില്ലാത്തവര്‍ കയറിയതുകൊണ്ടാണ് ഞങ്ങള്‍ക്ക് S1 ല്‍ കയറാന്‍ പറ്റാതിരുന്നത്. ടിക്കറ്റില്ലാത്തവരെ ഒഴിപ്പിക്കുക ടി.ടി.ഇയുടെ ജോലിയാണ്. അയാളോട് ഞങ്ങളിതു പറഞ്ഞപ്പോള്‍ എ.സി യില്‍ നിന്നിറങ്ങണമെന്നും ഞങ്ങള്‍ക്ക് വഴിയുണ്ടാക്കിത്തരലല്ല അയാളുടെ ജോലിയെന്നും പറഞ്ഞു. എ.സിയില്‍ നിന്ന് സ്ലീപറിലേയ്ക്കുള്ള വാതില്‍ പൂട്ടിയിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പോകാന്‍ കഴിയാത്തത് എന്നും ജോലി ചെയ്തില്ലെങ്കില്‍ പരാതിപ്പെടേണ്ടി വരുമെന്നും പറഞ്ഞു. അയാള്‍ക്ക് കൂസലൊന്നുമുണ്ടായില്ല. നിയമം എന്നൊന്നുള്ളതായേ അയാള്‍ക്കറിവില്ലാത്തതുപോലെ തോന്നി. കുറെ കഴിഞ്ഞപ്പോള്‍ വലിയ ഔദാര്യമാണിതെന്ന് പറഞ്ഞുകൊണ്ട് അയാള്‍ സ്ലീപറിലൂടെ നടന്ന് ഞങ്ങള്‍ക്ക് വഴിയുണ്ടാക്കിത്തന്നു. 58 59 60 സീറ്റുകളിലെത്തിയപ്പോള്‍ ഒരു പതിനഞ്ചുപേര്‍ അവിടെ ഇരിക്കുന്നുണ്ട്. ഞങ്ങളുടെ സീറ്റാണതെന്നും ഒഴിപ്പിച്ചു തരണമെന്നും പറഞ്ഞു. മൂന്നു പേരെ അയാള്‍ എഴുത്തേന്നേല്‍പിച്ചു. അയാള്‍ പോയപ്പോള്‍ അവര്‍ ഞങ്ങളുടെ അടുത്തു കൂടുതല്‍ തിക്കിയിരുന്നു. അവിടയുണ്ടായിരുന്ന ആറ് സീറ്റുകളില്‍ ടിക്കറ്റുണ്ടായിരുന്നത് ഞങ്ങള്‍ മൂന്നു പേര്‍ക്കും വേറെ ഒരു സ്ത്രീയ്ക്കുമായിരുന്നു. അത്രയും പേര്‍ക്കിടയില്‍ ഇരിക്കുക സാധ്യമല്ലായിരുന്നു. ടിക്കറ്റില്ലാത്തവര്‍ എഴുന്നേറ്റു പോകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോളാണ് ഛാട്ടുകള്‍ എന്ന് വിളിക്കപ്പെടുന്നു എന്ന് ഞാന്‍ ആ യാത്രയില്‍ മനസ്സിലാക്കിയ നോര്‍ത്ത് ഇന്ത്യയിലെ പഞ്ചാബ്, ഹര്യാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ മഹത്വം മനസ്സിലാവുന്നത്.


ഇത് ഒരു ജെനറലൈസേഷനല്ലേ? ആണ്. ഞാന്‍ എന്റെ മുന്നില്‍ കണ്ടത് സാധാരണക്കാരെയാണ്. സാധാരണക്കാര്‍ പെരുമാറുന്ന രീതി വച്ച് ഞാന്‍ ജെനറലൈസ് ചെയ്യുന്നു. ശരാശരി ഇന്ത്യന്‍ ആണ് പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കുന്നവനാണ്. ശരാശരി ഇന്ത്യന്‍ സ്ത്രീ domestic violence ന് ഇരയായാലും ഭര്‍ത്താവിനെതിരെ യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ലാത്തവളാണ്. അതുപോലെ ശരാശരി ഛാട്ട് മനുഷ്യനും മൃഗവും തമ്മില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല എന്ന് വിശ്വസിക്കുന്നവരാണ്. Sue me!

അവിടെ ആ തിരക്കിനിടയില്‍ വയസ്സായ ഒരു മനുഷ്യന്‍ ബീഡി വലിക്കുകയാണ്. അയാള്‍ കുടിച്ചിട്ടുണ്ട്. കൂടെയിരിക്കുന്നവര്‍ അയാളുടെ ലക്കുകെട്ട അവസ്ഥയെ ആഘോഷിച്ച് തമാശകള്‍ പറയുന്നു. തമാശ എന്നത് തെറി എന്നും വായിക്കാം. അയാള്‍ തെറി പറയുമ്പോള്‍ ചിരിച്ച് ആസ്വദിക്കുകയാണവര്‍. ഇവരോട് എഴുന്നേറ്റ് സീറ്റ് കാലിയാക്കാന്‍ പറഞ്ഞപ്പോള്‍ കുടിയന്‍ എഴുന്നേറ്റ് അമ്മയോടും എന്നോടുമായി സ്ത്രീകള്‍ എനിക്ക് പെങ്ങളെപ്പോലെയാണെന്നും മറ്റും പറഞ്ഞു. ലിറ്ററലി അയാള്‍ നാലു കാലിലാണ്. രണ്ട് കാലുകള്‍ നിലത്തും വായുവിലുമായും കൈകള്‍ സൌകര്യപൂര്‍വം പെങ്ങളാണെന്ന് അയാള്‍ പറഞ്ഞ എന്റെയോ അമ്മയുടെയോ ദേഹത്തും. മദ്യപിച്ച് യാത്ര ചെയ്യാന്‍ പാടില്ലെന്നും ഇയാളുടെ കൂടെ ഇരിക്കാന്‍ സാധ്യമല്ലെന്നും ഞാന്‍ പറഞ്ഞു. (ഇവിടെ മദ്യപിച്ച് യാത്ര ചെയ്യുന്നത് punishable offence ആക്കിയപ്പോള്‍ പുരുഷകേസരിമാര്‍ മുറവിളി കൂട്ടുന്നതിനെപ്പറ്റി ഞാനൊരു പോസ്റ്റിട്ടിരുന്നു. എന്തുകൊണ്ട് അത് അവശ്യമായ ഒരു നിയമമാണ് എന്നതിന് ഇതും ഇതലേറെയും ഉദാഹരണങ്ങള്‍ വേണമെങ്കില്‍ നിരത്താം) അതോടെ അവിടെയുണ്ടായിരുന്നവര്‍ മുഴുവന്‍ ഞങ്ങളെ ചീത്ത വിളിക്കാന്‍ തുടങ്ങി. അയാള്‍ ആര്‍മിക്കാരനാണെന്നും അയാള്‍ക്ക് ടിക്കറ്റ് ഉള്ളതാണെന്നും ആര്‍മിക്കാരായാല്‍ മദ്യപിച്ച് യാത്ര ചെയ്യാമെന്നും അവര്‍ വെളിപാടരുളി. കൂട്ടത്തില്‍ വേറെ പലതും. ഉദാഹരണത്തിന്, ഞാന്‍ ഇംഗ്ലിഷില്‍ സംസാരിച്ചപ്പോള്‍ (ഹിന്ദിയാണ് എല്ലാവര്‍ക്കും അറിയുന്ന ഭാഷ. പക്ഷെ കേട്ടാല്‍ മനസ്സിലാവുമെങ്കിലും സംസാരിക്കുന്നതില്‍ ഫ്ലുവന്റല്ല ‍ഞാന്‍. ദേഷ്യം വന്നാലത്രയും.) ഹിന്ദിയില്‍ സംസാരിച്ചാലേ കാര്യമുള്ളുവെന്നും ഞങ്ങള്‍ തമ്മില്‍തമ്മില്‍ മലയാളത്തില്‍ സംസാരിച്ചപ്പോള്‍ ഇതേത് പട്ടിക്കാട്ടിലെ ഭാഷയാണെന്നും മറ്റും. കുടിയന്‍ അവസാനം അപ്പുറത്തെ കംപാര്‍ട്ട്മെന്റിലേയ്ക്ക് പോയപ്പോള്‍ അവിടെനിന്നും ആളുകള്‍ ചോദിച്ചുവന്നു ആരാണ് അയാളെ കുടിയനെന്ന് വിളിച്ചതെന്ന്. കുടിച്ചാല്‍ കുടിയനെന്നു തന്നെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അക്രമാസക്തരായി. ഇടയ്ക്ക് ടി ടി ഇ ടിക്കറ്റ് നോക്കാന്‍ വന്നു. അപ്പോള്‍ മനസ്സിലായി അവിടെ പലര്‍ക്കും ടിക്കറ്റേ ഇല്ലെന്ന്. വെയിറ്റിങ്ങ് ലിസ്റ്റിലുള്ളവരും ടിക്കറ്റില്ലാത്തവരുമാണ് ഞങ്ങളുടെ സീറ്റുകളിലിരിക്കുന്നത്. ഇത് പറഞ്ഞപ്പോള്‍ ടി ടി ഇ ഞങ്ങളെ വീണ്ടും കളിയാക്കി. ഇയാള്‍ യൂണിഫോമിലായിരുന്നില്ല. (സ്ക്വാഡല്ല. കറുത്ത ഓവര്‍കോട്ടുണ്ട്. ബാക്കിയൊന്നും യൂണിഫോമല്ല) നേംപ്ലേറ്റ് ധരിച്ചിരുന്നില്ല. പേര് ചോദിച്ചപ്പോള്‍ പറയാനും വിസമ്മതിച്ചു. സമയം കഴിയുന്തോറും രംഗം വഷളായിക്കൊണ്ടിരുന്നു. ദില്ലിയില്‍ അടുത്ത ദിവസം രാവിലെയേ എത്തുള്ളൂ. ആ രാത്രി അവിടെയുണ്ടായിരുന്നവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലായിരുന്നു. പേടിയായിരുന്നു ശരിക്കും. കയ്യൂക്കുകൊണ്ട് കാര്യം നേടുന്ന ഒരു കൂട്ടം.

ശ്രീനഗറില്‍ ചേച്ചിയുടെ പരിചയക്കാരനായി ഒരു പോലീസുദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. റിയാസ് അഹമ്മദ്. ഇങ്ങേരെ വിളിച്ച് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. Jammu Railway Police ന്റെ നമ്പറും അവിടുത്തെ ഓഫിസറുടെ നമ്പറും ഇദ്ദേഹം തന്നു. വിളിച്ച് പറയുകയും ചെയ്തു. അവിടേയ്ക്ക് വിളിച്ചപ്പോള്‍ രണ്ട് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പോലീസിനെ അയയ്ക്കാമെന്ന് പറഞ്ഞു. ഇതിനിടയില്‍ ചേച്ചി കംപ്ലെയിന്റ് എഴുതുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ കൂട്ട പരിഹാസമാണ്. application എഴുതുന്നത് കണ്ടില്ലേ, കോളേജില്‍ പോകാനാണോ എന്ന മട്ടില്‍. അവര്‍ അവരെപ്പറ്റിത്തന്നെ പറഞ്ഞത് ഛാട്ട് ഹെ തൊ ആഠ് തക് എന്നാണ്. (ഛാട്ട് ആണെങ്കില്‍ എട്ടാം ക്ലാസ് പാസ്). നമ്മള്‍ പഠിപ്പില്ലാത്തവരാണ്, പക്ഷെ വിട്ടുകൊടുക്കരുത് എന്നൊക്കെ അവര്‍ തമ്മില്‍തമ്മില്‍ പറയുന്നുണ്ട്. കേട്ടാല്‍ തോന്നും ഞങ്ങള്‍ കാരണമാണ് അവരുടെ പഠിപ്പ് മുടങ്ങിയതെന്ന്.

ഒരു ദിവസമെന്ന് തോന്നിപ്പിച്ച ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോലീസ് കേറി. പോലീസ് ബ്രൂട്ടാലിറ്റി എന്നൊക്കെ പത്രത്തില്‍ വായിച്ചട്ടേയുള്ളൂ. അന്ന് ആദ്യമായി കണ്ടു. ആരാണ് സീറ്റ് കൈയ്യടക്കിയിരിക്കുന്നതെന്ന് ചോദിച്ച് ഇവരാണ് എന്ന് പറഞ്ഞതും തടി ലാത്തികൊണ്ട് ഒന്നും നോക്കാതെയുള്ള അടി. ഒരു ലാത്തി പൊട്ടിയ കഷ്ണം അവിടെ കിടന്നു. രണ്ട് നിമിഷം കൊണ്ട് സ്ഥലം കാലിയായി. വേറൊരു സന്ദര്‍ഭത്തിലായിരുന്നെങ്കില്‍ ഇങ്ങനെ അടിക്കുന്നത് കണ്ടാല്‍ എന്റെ മനുഷ്യാവകാശബോധം ഉണരുമായിരുന്നു. പക്ഷെ അപ്പോള്‍ എനിക്ക് സന്തോഷത്തില്‍ കുറഞ്ഞൊന്നും തോന്നിയില്ല.

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ടി ടി ഇയ്ക്കെതിരെയും ടിക്കറ്റില്ലാതെയും കുടിച്ചും യാത്ര ചെയ്ത് അപമര്യാദയായി പെരുമാറിയ യാത്രക്കാര്‍ക്കെതിരെയും പരാതി കൊടുത്തെങ്കിലും എനിക്കിപ്പഴും ആ സംഭവം ആലോചിക്കുമ്പോള്‍ അറപ്പും പേടിയും ഒരുപോലെ തോന്നാറുണ്ട്. ഞാന്‍ പലപ്പോഴും ഒറ്റയ്ക്കാണ് യാത്ര ചെയ്യാറെന്ന് പറഞ്ഞല്ലോ. ഈ യാത്ര ഞാനൊറ്റയ്ക്കായിരുന്നു നടത്തിയിരുന്നെങ്കിലോ? എനിക്ക് ഒരു പോലീസുദ്യോഗസ്ഥരെയും പരിചയമില്ല. കശ്മീരില്‍ പ്രീ പെയ്‌ഡ് കണക്ഷന്‍സ് പ്രവര്‍ത്തിക്കില്ല. ഫോണില്ലാത്ത കൂടെ ആരുമില്ലാത്ത ഒരു സ്ത്രീയാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ ആ രാത്രി അവര്‍ അതിജീവിക്കില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. സ്ത്രീ പോട്ടെ. പുരുഷന്മാര്‍ക്കും അത് സാധ്യമായിരിക്കില്ല. കാരണം നമ്മുടെ പുരുഷന്മാര്‍ നടത്തുന്ന അടിപിടികളുടെ സ്വഭാവമൊന്നുമല്ല അവിടുത്തേതിന്. കൂട്ടത്തില്‍പ്പെടാത്ത ഒരാളുണ്ടെങ്കില്‍ (ഇവിടെ ഭാഷ അറിയാത്ത കാഴ്ചയില്‍ത്തന്നെ വേറെ ദേശക്കാരായ ഞങ്ങള്‍) കൂട്ടത്തോടെ അവരെ ഒരു സൈഡിലിരുത്താന്‍ അവര്‍ക്ക് വളരെ എളുപ്പമാണ്.

എനിക്ക് മനസ്സിലാവാത്ത ഒന്നുണ്ട്. ഇവരാരും ഇവിടെങ്ങും കണ്ടിട്ടില്ലേ? തലസ്ഥാന നഗരത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ ഞാന്‍ കണ്ടു. ഇതില്‍ ന്യൂ ദില്ലി സ്റ്റേഷനില്‍ മാത്രമാണ് സിവിലൈസേഷന്‍ എത്തിയിട്ടുള്ളതായി കണ്ടത്. പുരാനി ദില്ലി. എച്ച് നിസാമുദ്ദിന്‍ സ്റ്റേഷനുകളില്‍ ജമ്മു സ്റ്റേഷന്റെ ഒരു ചെറിയ പതിപ്പാണ് കണ്ടത്. മലയാളിക്ക് വൃത്തി മറ്റത് മറച്ചത് എന്നൊക്കെപ്പറഞ്ഞ് കുറച്ചധികം അഭിമാനമുണ്ടല്ലോ. അത് മിക്കവാറും ആവശ്യമില്ലാത്ത ഒരഹങ്കാരമാണെങ്കില്‍പോലും ദക്ഷിണേന്ത്യയിലെ ഒരു സ്റ്റേഷനിലും സത്യത്തില്‍ ഇത്രയും വൃത്തികേടില്ല. ഇവിടെ എത്ര ചെറിയ സ്റ്റേഷനായാലും പ്ലാറ്റ്‌ഫോമിലിരുന്ന് ആളുകള്‍ തൂറാറില്ല എന്നാണെന്റെ വിശ്വാസം. എങ്ങനെയാണ് തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ പാടുള്ളത് എന്നൊന്നും ഇവര്‍ക്കറിയില്ലേ. കാരണം വെയിറ്റിങ്ങ് ലിസ്റ്റ് പോട്ടെ ടിക്കറ്റേ ഇല്ലാത്തവര്‍ പോലും ടിക്കറ്റുള്ളവരുടെ സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ ഏത് TTE ആണ് ഇവിടെ സമ്മതിക്കുക?

തിരിച്ച് നാട്ടിലേയ്ക്ക് വന്നപ്പോള്‍ കേരളം അടുക്കുംതോറും അന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു സന്തോഷം. ഷൊര്‍ണൂരില്‍ വണ്ടി നിര്‍ത്തി പ്ലാറ്റ്ഫോമില്‍ കാല് കുത്തിയപ്പോള്‍ മനസ്സില്‍ ഞാന്‍ 'ക്ലാസ്മേറ്റ്സി'ല്‍ വനിതാ ഹോസ്റ്റലില്‍ കയറുന്ന ഇന്ദ്രജിത്തിനെപ്പോലെയായിരുന്നു. ആ നിലത്ത് കിടന്ന് കുറെ ഉമ്മ കൊടുക്കാന്‍ തോന്നി. പക്ഷെ ഇതിലെ ഭീകരാവസ്ഥയും ഇടയ്ക്ക് ആലോചിക്കാറുണ്ട്. ഇവിടെത്തന്നെ ഇത്രയും പ്രശ്നങ്ങളാണ്. ട്രെയിനിലും ബസ്സിലുമൊക്കെയായി എല്ലാ സ്ത്രീകളും പല തരത്തിലുള്ള പീഡനങ്ങള്‍ ദിവസവും അനുഭവിക്കുന്നുണ്ട്. ഇവിടെ കോഴിക്കോട്, തൃശ്ശൂര്‍ സ്റ്റേഷനുകളിലൊക്കെ എന്റെ വക പരാതികളുണ്ട്. ഓരോ യാത്രയിലും നേരിടുന്ന പ്രശ്നങ്ങളനധി. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് വഴിയിലിറങ്ങി നടന്നാല്‍ പ്രശ്നമാണ്. ജോലിസ്ഥലങ്ങളില്‍, വീട്ടില്‍, എല്ലായിടത്തും വിവേചനം. എന്നാല്‍ പുറത്തുള്ള അവസ്ഥ കണ്ടാല്‍ ഇതൊന്നും ഒന്നുമല്ല എന്ന് പറയേണ്ടി വരുന്നതിലെ ഗതികേടാണ് ഞാനോര്‍ക്കുന്നത്.



ഏതായാലും യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യമായി ചെയ്യണം എന്ന് ഞാന്‍ കരുതുന്ന കുറച്ച് കാര്യങ്ങള്‍ കൂടി പറയാം. പ്രത്യേകിച്ച് സ്ത്രീകളാണെങ്കില്‍. ഒന്നാമതായി ഫോണില്‍ പൈസയില്ലാതെ യാത്ര ചെയ്യരുത്. (ഫോണ്‍ തന്നെ ഇല്ലാത്തവര്‍ റീചാര്‍ജ് പോയിട്ട് വണ്ടിക്കൂലി തന്നെ തികയ്ക്കാന്‍ കഷ്ടപ്പെടുന്നവരൊക്കെ എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ വീണ്ടും കുഴങ്ങും. എന്നാലും) ദില്ലിയിലെത്തി ഞാനാദ്യം ചെയ്തത് സുഹൃത്തിനെ വിളിച്ച് എന്റെ ഫോണ്‍ റീചാര്‍ജ് ചെയ്യിക്കലാണ്. ഒരു ധൈര്യത്തിന്! രണ്ടാമതായി ഈ നമ്പറുകള്‍ സ്പീഡ് ഡയലില്‍ വയ്ക്കുക. സേവ് ചെയ്യുക. Railway alert 1: 9846200100 Railway Alert 2: 9846200150. ഇത് കേരളത്തില്‍ ഉപകരിക്കും. ഒരു പ്രാവശ്യം ഞാന്‍ വിളിച്ചിട്ടുണ്ട്. ഉപകരിച്ചിട്ടുണ്ട്. രാത്രി വൈകിയൊക്കെ ഫോണെടുക്കുമോ എന്നറിയില്ല. പൊലീസ് കണ്ട്രോള്‍ റൂമിലേതായാലും എടുക്കാറില്ല.  പുറത്താണ് യാത്ര എങ്കില്‍ പിന്നെയും ബുദ്ധിമുട്ടാണ്. പക്ഷെ ഇതൊക്കെ ചെയ്യാം. പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിക്കുക. (100) അവിടെ നിന്ന് ഇപ്പോഴുള്ള സ്ഥലത്തെ കണ്ട്രോള്‍ റൂമിന്റെ കോഡ് വാങ്ങുക. അല്ലെങ്കില്‍ ആ സ്ഥലത്തെ റെയില്‍വേ പൊലീസ് കണ്ട്രോള്‍ റൂമിന്റെ നമ്പര്‍ വാങ്ങുക. എന്നാലും പ്രശ്നങ്ങള്‍ ബാക്കിയാണ്. ജമ്മുവിലെ റെയില്‍വേ പൊലീസിനെ വിളിച്ചപ്പോള്‍ അവിടെ ആര്‍ക്കും ഇംഗ്ലിഷ് അറിയില്ല. ഹിന്ദി അറിയില്ലയെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ വിളിച്ച് കാര്യം പറയണ്ടി വരും. ഇതൊക്കെ ചെയ്ത് വരുമ്പോഴേയ്ക്കും ജീവന്‍ ബാക്കിയുണ്ടാകുമോ എന്നും സംശയമാണ്. ഒന്നും നടന്നില്ലെങ്കില്‍ ഇടത്തേയ്ക്കോ വലത്തേയ്ക്കോ നോക്കി മുകളിലായി കാണുന്ന ചങ്ങല വലിക്കുക. അത്രതന്നെ.





No comments:

Post a Comment