Wednesday 29 August 2012

ബുക്കറിലൂടെ 5: ദി വൈറ്റ് ടൈഗര്; അരവിന്ദ് അഡിഗ



പത്തോളം ബുക്കര് പുസ്തകങ്ങളേ ഞാന് വായിച്ചിട്ടുണ്ടാകുള്ളൂ. അല്ലാത്ത പുസ്തകങ്ങള് എത്ര വായിച്ചിട്ടുണ്ടെന്നറിയില്ല. ഞാന് വായിച്ചുള്ള പുസ്തകങ്ങളില് വെച്ച് ഏറ്റവും വൃത്തികെട്ട പുസ്തകമാണ് അരവിന്ദ് അഡിഗയുടെ ബുക്കര് പ്രൈസ് വിജയി, ദി വൈറ്റ് റ്റൈഗര്. കോട്ടയം പുഷ്പനാഥിന്റെ സോഫ്റ്റ് പോണ് അടങ്ങിയ കുറ്റാന്വേഷക നോവലുകള്ക്കും, ഇംഗ്ലിഷില് ഹാരോല്ഡ് റോബിന്സന്റെ കഥകള്ക്കും ഒക്കെ താഴെയാണ് ഈ പുസ്തകത്തിന് ഞാന് വില കല്പിച്ചിരിക്കുന്നത്. ചവറുകളില് ചവറ് പുസ്തകങ്ങളിലെ ഭാഷയും ക്രാഫ്റ്റുമൊക്കെ ഈ പുസ്കത്തിന്റേതിനേക്കാള് എത്രയോ എത്രയോ ഭേദമാണ്.

എഴുത്തിനേക്കാള് എനിക്ക് പ്രശ്നമായിത്തോന്നിയത് എഴുത്തുകാരന്റെ മനോഭാവമാണ്. ഇതിനെ slumdog millionaire syndrome എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഒരു മൂന്നാംലോക രാജ്യമെടുക്കുക. അതിലെ സകലമാന പ്രശ്നങ്ങളെക്കുറിച്ചും പറയാന് ഒരു നോവലോ സിനിമയോ ഉണ്ടാക്കുക. മറ്റു രാജ്യങ്ങള് ഈ സൃഷ്ടികള് കണ്ട് അയ്യോ പാവം രാജ്യം, ഹാ കഷ്ടം, അപലപനീയം എന്നൊക്കെ പറയുന്നത് കണ്ട് അതില് നിന്നൊരു സുഖം derive ചെയ്യുക. ഇത്തരം ആളുകളോട് എനിക്ക് പറയാനുള്ളതിതാണ്. ആദ്യമായും, ഒന്ന് പോടാപ്പ. പിന്നെ, ഇവിടെ പട്ടിണിയുണ്ട്, അഴിമതിയുണ്ട്, അധോലോകം, വേശാവൃത്തി എല്ലാമുണ്ട്. അതിനെപ്പറ്റി എഴുതാം. പാടില്ലെന്നല്ല. പക്ഷെ അതിനെപ്പറ്റി എഴുതുമ്പോള് കുറച്ച് തലച്ചോറുപയോഗിക്കണം. ഇതാ ഞങ്ങളുടെ രാജ്യം, ഇതാ അതിന്റെ എല്ലാ വൃത്തികേടും, വരൂ വന്ന് സഹതപിക്കൂ എന്ന് പറയുന്നതിലെന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിന് ഫിക്ഷന്‍ തന്നെ വേണമെന്നില്ലല്ലോ. ഇനിയും അരുതേ, നമ്മുടെ യുവാക്കള്‍ എങ്ങോട്ട്, എന്നൊക്കെയുള്ള പേരുകളില്‍ ആ സ്വഭാവത്തിലുള്ള ലേഖനങ്ങളെഴുതി വല്ല യഹോവ സാക്ഷികളുടെ മാസികകള്‍ക്കും അയച്ച് കൊടുത്താല്‍ പോരേ.

ഇന്ത്യയുടെ ചേരികളില്‍ നിന്ന് വരുന്ന പാവപ്പെട്ടവനായ ഒരു മനുഷ്യന്‍ ബിസിനസ് ലോകത്തിന്റെ എല്ലാ കൊള്ളരുതായ്മകളും പഠിച്ച് ഒരു കൊലപാതകവും നടത്തി സ്വയം ഒരു വലിയ ബിസിനസുകാരനാകുന്നതാണ് ഈ നോവലിന്റെ കഥ. ഇത് ഇപ്പോള്‍ പറഞ്ഞ ഒരു വാചകത്തിലോ മറ്റോ പറയാനുള്ളതിനു പകരം പത്ത് മുന്നൂറ് പേജില്‍ നല്ല ബോറ് ഭാഷയില്‍ പേനയ്ക്ക് വയറിളക്കം വന്ന പോലെ എഴുതിവച്ചിരിക്കുകയാണ് കഥാകൃത്ത്. ഇതിന് ബുക്കര്‍ കിട്ടിയതോ പിന്നെ? സ്ലംഡോഗിന് ഓസ്കാര്‍ കിട്ടുന്ന അതേ കാരണത്തില്‍. തീട്ടം തീനികളും തീട്ടം കോരികളുമൊക്കെയുള്ള ഇന്ത്യയെ പുറത്തുള്ളവര്‍ക്ക് പെരുത്ത് പിടിക്കും. അത്ര തന്നെ. എനിക്കിനി ദേശസ്നേഹം കയറി ഭ്രാന്തായതാണെന്ന് വിചാരിക്കരുത്. ദേശസ്നേഹം എന്നത് ഒരു പ്രഹസനമാണെനിക്ക്. യാതൊരുവിധ യുക്തിയുമില്ലാത്ത ഒരു കാര്യം. ഇന്ത്യയില്‍ ജനിച്ചതുകൊണ്ട് ഇന്ത്യയെ സ്നേഹിക്കുക, അമേരിക്കയിലാണെങ്കില്‍ അമേരിക്കയെ. ഓരോരോ മതങ്ങളില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളൊക്കെ പിന്തുടരുന്നതുപോലെ. അതിലും വലിയ തമാശയുണ്ടോ. അപ്പോള്‍ എന്റെ പ്രശ്നം എഴുത്തുകാരന്റെ കാഴ്ചപ്പാടിനോടും അദ്ദേഹത്തിന്റെ മാപ്പര്‍ഹിക്കാത്ത ധൈര്യത്തിനോടുമാണ്. കാല്‍ക്കാശിന് വിലയില്ലാത്ത എഴുത്തും വച്ച് ഞെളിഞ്ഞിരിക്കാനും അതിന്മേല്‍ ഞാന്‍ ഇന്ത്യയുടെ യഥാര്‍ഥ മുഖം ലോകത്തിനുമുമ്പില്‍ തുറന്നുകാട്ടി എന്ന് പറയാനുമൊക്കെ കാണിക്കുന്ന ധൈര്യം.

ഏതായാലും ഇത് വായിച്ചതുകാരണം ഇനി ഈ എഴുത്തുകാരനെ വായിക്കേണ്ടതില്ല എന്ന ഒരു ഗുണമുണ്ടായി. വായിക്കേണ്ട പുസ്തകങ്ങളില്‍ രണ്ട് പൊട്ട പുസ്തകങ്ങള്‍ കുറയുന്നതിലൂടെ വേറെ രണ്ട് നല്ല പുസ്തകങ്ങള്‍ ഇടം പിടിക്കുമല്ലോ.

അടുത്തത്: Life of Pi, Yann Martel

No comments:

Post a Comment