Saturday 21 June 2014

കുട്ടിപ്പാട്ടുകള്‍


'ഓം ശാന്തി ഓശാന' ഈയടുത്താണ് കാണുന്നത്. അതിലെ ശീര്‍ഷകഗാനം കേട്ടപ്പോള്‍ വരികളെല്ലാം എവിടെയോ കേട്ടുമറന്നതുപോലെത്തോന്നി. അങ്ങനെ അന്വേഷിച്ചപ്പോഴാണ് കുട്ടിക്കാലത്തെ പാഠപുസ്തകങ്ങളിലുണ്ടായിരുന്ന ഒന്നു രണ്ടു പദ്യങ്ങളില്‍ നിന്നുള്ള വരികളാണെന്നു മനസ്സിലായത്. നീലാകാശം പീലികള്‍ വിരിയും എന്ന പദ്യം ഞാന്‍ പഠിച്ചിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ ശരിയായ വരികള്‍ക്കു വേണ്ടി ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അന്വേഷിക്കുകയും ലഭിക്കുകയും ചെയ്തു. കിട്ടിയ ഉടനെ കുട്ടികള്‍ക്കു വേണ്ടി അതിനു ചേര്‍ന്ന ചിത്രങ്ങള്‍ വരയ്ക്കാനാണ് തോന്നിയത്. പണി അറിയില്ലെങ്കിലും നിറങ്ങള്‍ കുട്ടികള്‍ക്കിഷ്ടമാണ് എന്ന അടിസ്ഥാനത്തില്‍ കുറെ വാരിത്തേച്ചു. ഇത്തരത്തിലുള്ള പഴയ പദ്യങ്ങള്‍ക്കിനിയും നിറങ്ങള്‍ വാരിത്തേയ്ക്കാനുദ്ദേശിക്കുന്നുണ്ട്. നിങ്ങള്‍ പഠിച്ചിട്ടുള്ളതും ഇഷ്ടപ്പെട്ടതുമായവ നിര്‍ദേശിക്കുമല്ലോ. ചിത്രങ്ങളും അതെല്ലാം ചേര്‍ത്തുണ്ടാക്കിയ വീഡിയോയും താഴെ.




നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല


തെളിഞ്ഞ മഞ്ഞപ്പൂങ്കുല

ആകെ ചുമന്ന റോസാപ്പൂ

തവിട്ട് പശുവിന്‍ വെളുത്ത പാല്‍ കുടിച്ചതില്‍പ്പിന്നെ

കറുത്ത രാത്രിയിലീനിറമെല്ലാം ഓര്‍ത്തു കിടന്നൂ ഞാന്‍

വരികള്‍

Saturday 7 June 2014

The World Before Her: രണ്ട് യാഥാര്‍ഥ്യങ്ങളുടെ അപ്രതീക്ഷിതവും അലോസരപ്പെടുത്തുന്നതുമായ സമാഗമം.




സ്വതന്ത്ര സിനിമാനിര്‍മാണത്തിലെ ഒരു വഴിത്തിരിവായി നിഷ പഹുജയുടെ ഈ സിനിമയെ ഞാന്‍ കാണുന്നു. അതിനുള്ള കാരണങ്ങള്‍ ഇപ്രകാരമാണ്.

  • ആദ്യമായി തീവ്രവലതിന്റെ പരിശീലനമുറകള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നു.
  • ആദ്യമായി സുന്ദരിപ്പട്ടത്തിന്റെ പിന്നാമ്പുറ കഥകള്‍ തുറന്നു കാണിക്കുന്നു.
  • മേല്‍പ്പറഞ്ഞ രണ്ടും ഒരു സ്ത്രീയുടെ കണ്ണില്‍ക്കൂടെയാണ് നടക്കുന്നത്.

ഈ ഉദ്യമത്തിന് സംവിധായിക കാണിച്ച ധൈര്യം അഭിനന്ദിക്കാതെ വയ്യ. ചിത്രം മുന്നോട്ട് വയ്ക്കുന്ന വിഷമം പിടിച്ച ചോദ്യങ്ങളാണ് ഡോക്യുമെന്ററി സിനിമയുടെ തന്നെ അന്തസത്ത എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമ സുഖിപ്പിക്കാനുള്ളതല്ല, അലോസരപ്പെടുത്താനുള്ളതാണ്. പ്രേക്ഷകമനസ്സുകള്‍ സംതൃപ്തിപ്പെടുത്തുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രയാസമേറിയ കാര്യമാണ് അവയെ ഉലയ്ക്കുകയും വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നത്. ദി വേള്‍ഡ് ബിഫോര്‍ ഹെര്‍ ചെയ്യുന്നതും അതുതന്നെ.

ഇന്റര്‍കട്ടിങ്ങ് എന്ന പുരാതന സിനിമാസൂത്രം (സിനിമാറ്റിക ടൂള്‍) ഉപയോഗിച്ചാണ് ആദ്യാവസാനം കഥ, അല്ല, കാര്യം, പറഞ്ഞിരിക്കുന്നത്. കൂടുതലാളുകള്‍ ഈ സൂത്രം തക്കതായ കാരണങ്ങളാല്‍ ഒഴിവാക്കാന്‍ നോക്കുമ്പോഴും ഈ ചിത്രത്തിന് അനുയോജ്യമായ രീതിയായി ഞാനിതിനെ കാണുന്നു. ബ്യൂട്ടി പേജന്റിലെ പെണ്‍കുട്ടികളെയും ദുര്‍ഗ വാഹിനി കാംപിലെ പെണ്‍കുട്ടികളെയും ചിത്രസംയോജനത്തിലൂടെ തുണിനാരിഴകള്‍ കണക്ക് ബന്ധിപ്പിക്കുകയാണ് സംവിധായിക ചെയ്തിരിക്കുന്നത്. ചിത്രസംയോജനത്തിലും ശബ്ദലേഖനത്തിലും ഇടയ്ക്കെല്ലാം നമുക്ക് കേള്‍ക്കാന്‍ കഴിയുന്ന സംവിധായികയുടെ ചോദ്യങ്ങളിലുമാണ് ഈ ചിത്രത്തിന്റെ ക്രിയാത്മകത എന്ന് പറയാം.

എത്ര വ്യത്യസ്തമാണ് പരിഷദ്-സുന്ദരി ലോകങ്ങള്‍?

ചിത്രം മുന്നോട്ട് വയ്ക്കുന്ന ചോദ്യം ഇങ്ങനെ ചുരുക്കിയെഴുതാം. സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണമെന്നും എപ്പോള്‍ എവിടെ സഞ്ചരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നുമുള്ളതെല്ലാം അവരുടെ സ്വാതന്ത്ര്യമാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികള്‍. ഒരു സൌന്ദര്യമല്‍സരത്തിന് മുന്നോടിയായി നടക്കുന്ന കാംപിലാണവരെല്ലാവരും. അവിടെ സംഭവിക്കുന്നതാകട്ടെ ഇപ്പറഞ്ഞ സ്വാന്ത്ര്യത്തിന്റെ തന്നെ കടുത്ത ലംഘനമാണ്. എന്നാല്‍ മല്‍സരം തുറന്നിടുന്ന പ്രശസ്തി, പണം, അംഗീകാരം എന്നിവയ്ക്കായി പെണ്‍കുട്ടികള്‍ ഇത് കണ്ടില്ലെന്ന് വയ്ക്കുന്നു. ദുര്‍ഗ വാഹിനി കാംപില്‍ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി പോരാടുക എന്നതാണ് എല്ലാ പെണ്‍കുട്ടികളുടെയും ലക്ഷ്യമെന്നാണ് പഠിപ്പിക്കുന്നത്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യമാണ് മുളയിലേ നുള്ളിക്കളയുന്നത്. ഹിന്ദുക്കളല്ലാത്തവരെല്ലാം ശത്രുക്കളാണെന്നും അവര്‍ രാഷ്ട്രത്തെ കൊള്ള ചെയ്യുന്ന അവസരം വന്നാല്‍ അവരെ ഒന്നടങ്കം കൊന്ന് കളയണമെന്നും പെണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അവബോധമുള്ളവര്‍ വരെ അവിടെ വിരളമാണ്. ഈ രണ്ട് സാഹചര്യത്തില്‍ ആരാണ് കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത്?
ഉത്തരം എളുപ്പമാണോ? എന്റെ അഭിപ്രായത്തില്‍ ഒട്ടുമല്ല.

ഈ രണ്ട് സാഹചര്യങ്ങളെയും ബന്ധിപ്പിക്കുന്നത് തന്നെ എന്തിനാണ് എന്ന ചോദ്യമുയര്‍ന്നേക്കാം. പക്ഷെ അടിസ്ഥാനതലത്തില്‍ ഇവ രണ്ടും സംബോധന ചെയ്യുന്ന പ്രശ്നം വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ളതാണ്. വിവിധ ശക്തികള്‍ വ്യക്തിത്വത്തെ പ്രത്യേകിച്ചും സ്ത്രീയുടേതിനെ എങ്ങനെ ഇല്ലായ്മ ചെയ്യുന്നു എന്നതിനെക്കുറിച്ച്. മാത്രവുമല്ല രണ്ട് കാര്യങ്ങളും ബന്ധിപ്പിക്കുമ്പോഴാണ് അല്ലെങ്കില്‍ മനസ്സിലുദിക്കാത്ത പല സാദൃശ്യങ്ങളും തെളിഞ്ഞ് വരുന്നതും. എന്നാലിവ തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യത്തിലെനിക്ക് സംശയമില്ല. എവിടെ എങ്ങിനെ എന്നതാണ് ചോദ്യം. ഇതിനെ മുന്‍നിര്‍ത്തി വേണം സിനിമയെക്കുറിച്ചാലോചിക്കാന്‍.

ദുര്‍ഗ വാഹിനിയിലെ പെണ്‍കുട്ടികളുടെ കാംപ് പഠിപ്പിക്കുന്നത് അവരുടെ ലക്ഷ്യം രാഷ്ട്രത്തിന്റെ പാരമ്പര്യവും അഭിമാനവും സംരക്ഷിക്കുക എന്നതാണെന്നാണ്. ഇവ രണ്ടും തകര്‍ക്കുന്ന ശക്തികളാണ് അന്യ മതസ്ഥര്‍. അവരെ നേരിടാന്‍ ഹിംസ തന്നെയാണ് മാര്‍ഗം. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ആയുധപരിശീലനം ആവശ്യമാണ്.
സൌന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ലക്ഷ്യം അവര്‍ക്ക് ആദ്യം മുതല്‍ നിശ്ചയമുണ്ട്. സുന്ദരിപ്പട്ടം കൈക്കലാക്കുക എന്നതാണത്. അവരോരോരുത്തരും സ്വന്തമായ അഭിപ്രായങ്ങളും ജീവിതരീതിയുമെല്ലാമുള്ളവരാണു താനും. പട്ടത്തിലേയ്ക്കുള്ള വഴിയില്‍ ഇതിന് നേര്‍വിപരീതമായ സംഗതികളും ചെയ്യേണ്ടത് ആവശ്യമായി വരുന്നു. ഉദാഹരണത്തിന് എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന് വിശ്വസിക്കുന്നവരാണ് പെണ്‍കുട്ടികളെല്ലാം. എന്നാല്‍ പിന്നീട് ബിക്കിനി റൌണ്ടില്‍ (ഈ റൌണ്ട് പ്രതിഷേധം ഭയന്ന് പരസ്യമായി സംഘടിപ്പിക്കുന്നില്ല) തനിക്ക് അസുഖകരമായ വസ്ത്രമാണ് ബിക്കിനിയെന്നും മല്‍സരം ആവശ്യപ്പെടുന്നതുകൊണ്ടു മാത്രമാണ് സഹിക്കുന്നതെന്നും ഒരു പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. ഈ രീതിയില്‍, സുന്ദരിയാവുക, അല്ലെങ്കില്‍ അതിന്റെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന സുന്ദരിപ്പട്ടം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗം സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒട്ടനവധി കാര്യങ്ങളാണ് എന്ന് സുന്ദരി കാംപ് പെണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്നു. പ്രാവര്‍ത്തികമാക്കുന്നു.

ഇവയില്‍ ‍ഞാന്‍ കാണുന്ന വ്യത്യാസം ഇതെല്ലാമാണ്.
മറ്റേതെങ്കിലും രീതിയില്‍ ചിന്തിക്കാന്‍ തുനിയുന്നതിനുമുമ്പുതന്നെ മെരുക്കപ്പെടുന്നവരാണ് ദുര്‍ഗ വാഹിനിയിലെ പെണ്‍കുട്ടികള്‍. ഒരുദാഹരണമെടുത്താല്‍ അതിലൊരു പെണ്‍കുട്ടിയോട് സംവിധായിക ചോദിക്കുന്നുണ്ട് അവള്‍ക്ക് മുസ്ലിം സുഹൃത്തുക്കളാരുമില്ലേ എന്ന്. ഗര്‍വോടെ അവള്‍ ഇല്ല എന്ന് പറയുന്നു. കാംപില്‍ വരുന്നതിനു മുമ്പ്, നന്നെ ചെറുതായിരുന്നപ്പോള്‍ ഒന്നും നോക്കാതെ എല്ലാവരോടും സൌഹൃദം സ്ഥാപിച്ചിരുന്നു എന്നും എന്നാലത് അപ്പോള്‍ തനിക്ക് വേണ്ടുന്ന അവബോധം കാര്യങ്ങളെക്കുറിച്ചില്ലാതിരുന്നതുകൊണ്ടാണെന്നും പറയുന്നു അവള്‍. കാംപില്‍ ഉയരുന്ന മുദ്രാവാക്യങ്ങള്‍ കശ്മീര്‍ ചോദിച്ചാല്‍ കഴുത്തറുക്കും തുടങ്ങിയവയാണ്. ആവേശത്തോടെ അതേറ്റുപറയുന്ന പെണ്‍കുട്ടികള്‍ ഈ അച്ചില്‍ നിന്നു പുറത്തുകടക്കുക അച്ചിനു പുറത്തുള്ള ലോകം പരിഷദ് കണ്ണടയിലൂടെയല്ലാതെ കാണുമ്പോള്‍ മാത്രമാണ്. അത് സംഭവിക്കുന്നേയില്ല. ഇനി അഥവാ സംഭവിച്ചാല്‍ത്തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കാംപില്‍ അവയെല്ലാം എളുപ്പം മായ്ച്ച് കളയുകയും ചെയ്യും.

ഇതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ സുന്ദരി കാംപിലുള്ള ആദ്യ വ്യത്യാസം തങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ അത് നടക്കുന്നുണ്ട് എന്ന് പെണ്‍കുട്ടികള്‍ക്ക് മനസ്സിലാവുന്നുണ്ട് എന്നുള്ളതാണ്. ചൂഷണത്തിനു പുറത്തുകടക്കാനോ അതിനെതിരെ പ്രതികരിക്കാനോ ഉള്ള ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പടിയാണിത്. കാലുകള്‍ മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ ഒരു തുണി കൊണ്ട് എല്ലാവരെയും മറച്ച് നടത്തിപ്പിക്കുന്നുണ്ട് പരിശീലകരിലൊരാള്‍. കണ്ണിന്റെ സ്ഥാനത്ത് പരുഷമായി കത്രിച്ച രണ്ട് ചെറിയ തുളകള്‍ മാത്രം. രുഹി സിങ്ങെന്ന മല്‍സരാര്‍ഥി തനിക്ക് അടഞ്ഞ സ്ഥലങ്ങള്‍ പേടിയാണെന്ന് ആ സമയത്ത് വെളിപ്പെടുത്തുന്നു. (ക്ലോസ്റ്റ്രോഫോബിയ). തന്റെ വിശ്വാസങ്ങള്‍ക്കെതിരായ കാര്യങ്ങളാണെങ്കില്‍പ്പോലും ലക്ഷ്യത്തിലെത്താന്‍ വേണ്ടി, അതിനുമാത്രം പലതും പലപ്പോഴും സഹിക്കേണ്ടതായി വരുന്നുണ്ടെന്ന് മറ്റൊരാള്‍ ഏറ്റുപറയുന്നു. ഇത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനത്തിനെങ്കിലും മുതിരാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്. ഈ വ്യത്യാസം അതിപ്രധാനമാണ്.

ഡോക്യുമെന്ററിയുടെ സത്യവും സത്യവും
 
സത്യത്തിലേയ്ക്കുള്ള പ്രയാണം എന്ന നിലയ്ക്ക് സിനിമയെ കാണുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സീഗാ വെര്‍ട്ടോവിന്റെ കീനോ പ്രാവ്ദ ആശയം തൊട്ടുണ്ട്. പിന്നീട് ഡോക്യുമെന്ററി സിനിമയിലെ സിനിമ വെരീറ്റെ രീതിയും ഇതിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടതാണ്. ദി വേള്‍ഡ് ബിഫോര്‍ ഹെര്‍ നെക്കുറിച്ചുള്ള ചില എഴുത്തുകളിലെങ്കിലും ഇത്തരത്തില്‍ സംവിധായകരുടെ ഇടപെടലേതുമില്ലാതെ ഉള്ളതുള്ളതുപോലെ കാണിക്കുക എന്ന രീതി അവലംബിച്ചിരിക്കുന്നതിനെ പ്രകീര്‍ത്തിക്കുന്നതായി കണ്ടു. രണ്ടിടത്തെയും സംഭവങ്ങള്‍ കാമറയില്‍ അതേ പടി പകര്‍ത്തി വച്ചിരിക്കുയാണ് എന്ന്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഒരു സിനിമയെ സംബന്ധിച്ചും ഇത് ശരിയല്ല. ആദ്യമായി കാമറയ്ക്കു മുന്നിലാകുന്നതോടെ ഏതൊരു വ്യക്തിയും അറിഞ്ഞോ അറിയാതെയോ വ്യത്യസ്തരാകുന്നുണ്ട്. അവിടം മുതല്‍ തുങ്ങുന്നതാണ് സത്യം എന്ന സങ്കല്‍പത്തിന്റെ ഇല്ലായ്മ. ഇനി കാമറയുടെ സാന്നിധ്യം അറിയിക്കാതെയുള്ള ചിത്രീകരണമാണെങ്കില്‍ക്കൂടി കാമറ പ്രതിഷ്ഠിക്കുന്ന ഇടം, ആങ്കിള്‍ എന്നിവയെല്ലാം സംവിധായകരുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം തന്നെയാണ്. ഉദാഹരണത്തിന് ഒരു ചെരുപ്പ് കുത്തിയോട് സംസാരിക്കുമ്പോള്‍ ടോപ് ആങ്കില്‍ ഉപയോഗിക്കുന്നതിലൂടെ അയാളിരിക്കുന്ന നിലയിലേയ്ക്ക് താഴാന്‍ (അക്ഷരാര്‍ഥത്തില്‍) പോലും കൂട്ടാക്കാത്ത സംവിധായക മനോഭാവം പ്രകടമാണ്. ഇനി ന്യൂട്രല്‍ ആങ്കിളായി കരുതപ്പെടുന്ന ഐ ലെവലിലാണ് ചിത്രീകരണെങ്കില്‍ക്കൂടി cut' എന്നൊന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവിടെ സ്വന്തം രാഷ്ട്രീയവും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു തന്നെയാണര്‍ഥം
 
മ്മള്‍ കാണുന്നതെല്ലാം യാഥാര്‍ഥ്യം തന്നെയാണെന്നത് ശരിയാണ്. എന്നാല്‍ യാഥാര്‍ഥ്യം എന്നത് വളരെ വിശാലമായ അര്‍ഥതലങ്ങളുള്ള ഒരു വാക്കായി കണക്കാക്കാതെ ഇത് പറയുക സാധ്യമല്ല. സുന്ദരി കാംപും ദുര്‍ഗ വാഹിനി കാംപും തമ്മിലുള്ള ഒട്ടുമിക്ക കട്ടുകളും ശബ്ദത്താല്‍ യോജിപ്പിക്കപ്പെട്ടിട്ടുണ്ട്. (സൌണ്ട് ഓവര്‍ലാപ്) സുപരിചിതമായതുകൊണ്ട് മാത്രം അധികം ശ്രദ്ധിക്കാതെ പോകുന്ന ഒരു സൂത്രമാണിത്. സിനിമ കാഴ്ച മാത്രമല്ല, കേള്‍വി കൂടിയാണ്. രണ്ടും ഒരുമിച്ചുമാണ്. അപ്പോള്‍ ദുര്‍ഗവാഹിനിയുടെ കീര്‍ത്തനങ്ങളോ മുദ്രാവാക്യങ്ങളോ സുന്ദരികളുടെ ചിത്രത്തിനുമേല്‍ വന്നുപതിക്കുമ്പോളായാലും സമാനമായി തിരിച്ച് സംഭവിച്ചാലും പ്രേക്ഷകമനസ്സില്‍ അറിയാതെ തന്നെ രണ്ട് യാഥാര്‍ഥ്യങ്ങളും അലോസരപ്പെടുത്തുന്നതോ അസ്വസ്ഥതപ്പെടുത്തുന്നതോ ആയ രീതിയില്‍ ഇടകലരുന്നുണ്ട്. പരിഷദ് കാംപിന്നവസാനം അവിടുത്തെ പെണ്‍കുട്ടികള്‍ക്ക് സൌന്ദര്യപ്പട്ടത്തില്‍ മല്‍സരാര്‍ഥികള്‍ക്ക് ലഭിക്കുന്നതുപോലൊരു ആഡ (ഒരു സാഷ് ആണത്) കിട്ടുന്നുണ്ട്. കുട്ടികളുടനെ ശരിക്കും മിസ്സിന്ത്യ സാഷ് പോലെത്തന്നെ എന്നാണ് പറയുന്നതും. ഇതിന്റെ വിരോധാഭാസം തന്നെയാണ് ശബ്ദത്തിലൂടെയും സാധ്യമാകുന്നത്
 
പല രംഗങ്ങളും പിന്നീട് പുനഃസൃഷ്ടിച്ചതാണെന്ന് വ്യക്തമാണ്. ഉദാഹരണത്തിന് രുഹിയുടെ അച്ഛനമ്മമാര്‍ അവളുടെ പടം പത്രത്തില്‍ വരുന്നത് നോക്കുന്നതും പ്രതികരിക്കുന്നതും, അവള്‍ക്ക് പട്ടം കിട്ടുന്നില്ല എന്ന് ടി വിയില്‍ കാണുന്നതും, പിന്നീട് അവള്‍ തിരിച്ചെത്തുമ്പോള്‍ അച്ഛന്‍ കൂട്ടാന്‍ ചെല്ലുന്നതും, പ്രാചി ത്രിവേദിയുടെ വീട്ടില്‍ സുന്ദരിപ്പട്ട മല്‍സരം കാണുന്നതും എല്ലാം. ഇവിടെയെല്ലാം ഡോക്യുമെന്ററിയുടെ സത്യം പരാജയപ്പെടുകയല്ല ചെയ്യുന്നത്. മറിച്ച് വെര്‍ട്ടോവ് സങ്കല്‍പ്പിച്ചതുപോലുള്ള പരമോന്നതമായ സത്യത്തിലേയ്ക്കുള്ള അല്ലെങ്കില്‍ സിനിമയുടെ, സിനിമ എന്ന, സത്യത്തിലേയ്ക്കുള്ള പാത വെട്ടുകയാണ്. കാരണം പ്രാചി ത്രിവേദിയുട അങ്ങേയറ്റം യാഥാസ്ഥിതിക തീവ്രഹിന്ദു കുടുംബത്തിലെ സ്ത്രീയായ അവളുടെ അമ്മ, സുന്ദരികളെ നോക്കി പെണ്‍കുട്ടികള്‍ കൊള്ളാമല്ലോ എന്ന് പറയുന്നതും ഉടന്‍ തന്നെ അവളുടെ അച്ഛന്‍ ഇതാണോ നമ്മുടെ സംസ്കാരം എന്നാക്രോശിക്കുന്നതും സിനിമ വെളിപ്പെടുത്തുന്ന, ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത സത്യമാണ്. ഇത്തരത്തിലുള്ള അനേകം സത്യങ്ങളുടെ സമാഗമമാണ് ഈ ഉജ്വല സിനിമ.

മായാത്ത ചിത്രങ്ങള്‍
 
തിയറ്റര്‍ വിട്ടിറങ്ങുമ്പോഴും മനസ്സില്‍ ചിത്രത്തിന്റെ കനലുകള്‍ ബാക്കിയാണ്. അത് ഏറെക്കാലം വേട്ടയാടുകയും ചെയ്യും. റിലീസിനു മുമ്പുതന്നെ യൂട്യൂബില്‍ പ്രചരിച്ച സുന്ദരിപ്പട്ടത്തിന്റെ ബോട്ടോക്സ് കഥയടക്കം അനേകം സന്ദര്‍ഭങ്ങള്‍ അനിര്‍വചനീയമായ ഭീതിയും രോഷവും ഉളവാക്കുന്നതാണ്. പെണ്‍കുട്ടികളുടെ പരിശീലനത്തിന്റെ ഒരു ഘട്ടത്തില്‍ അവരെ നടക്കാന്‍ പഠിപ്പിക്കുന്നുണ്ട്. (അതെ, കുട്ടികള്‍ മുട്ടിലിഴയുന്നതില്‍ നിന്ന് നടക്കാന്‍ തുടങ്ങുന്ന നിമിഷം പോലെത്തന്നെ സുന്ദരിയാവാന്‍ എങ്ങനെ നടക്കണമെന്ന് പഠിക്കുന്ന നിമിഷവും സൌന്ദര്യ വാണിജ്യലോകത്തില്‍ പ്രധാനമത്രെ!) അതിലൊരു മോഡലിന്റെ നില്‍പ്പ് ശരിയാക്കിക്കൊണ്ട് പരിശീലക ചോദിക്കുന്നുണ്ട്, വേദനിക്കുന്നുണ്ടോ എന്ന്. ഉണ്ടെന്നവര്‍ തലയാട്ടുമ്പോള്‍. ഗംഭീരം. നീ അത്രമേല്‍ സുന്ദരിയായിരിക്കുന്നു എന്നാണവര്‍ പറയുന്നത്. ('Does it hurt?' -'Yes' -Great! You look fab!') സൌന്ദര്യച്ചന്തയുടെ ആദ്യ പാഠമാണിതെന്നുവേണമെങ്കില്‍ പറയാം. വേദനിപ്പിക്കുന്നതെല്ലാം സൌന്ദര്യമാണ്. സ്വന്തം ശരീരത്തെയും അതിന്റെ സ്വാതന്ത്ര്യത്തെയും വേദനിപ്പിക്കാതെ സുന്ദരിയാവുക സാധ്യമല്ല. (വളരെ ലളിതമായ സൌന്ദര്യവര്‍ധക പ്രക്രിയയായ പുരികത്തിന്റെ രൂപം മാറ്റുന്നതുവരെ വേദനാജനകമാണ്)
ദുര്‍ഗ വാഹിനി കാംപിന്നവസാനം നടത്തുന്ന ജാഥയുടെ വേളയില്‍ കാവിപ്പെണ്‍പടയുടെ മുന്നില്‍ ചൂളി ഉള്ളിലേയ്ക്കു വലിയുന്ന ഒരു തൊപ്പിധാരിയായ താടിക്കാരന്‍ മുസല്‍മാനെ കാണാം. നേരത്തെ പ്രാചിയുടെ അച്ഛന്റെ ഒരു വേദപഠന ക്ലാസ്സില്‍ മുസല്‍മാന്മാരെപ്പറ്റി അയാള്‍ പറയുന്നത് മനസ്സിലൂടെ കടന്നുപോകും. തൊപ്പി ധരിച്ച, താടി നീട്ടിയ പിശാചുക്കളാണ് (ശൂര്‍പ്പണഖയോടാണ് ഉപമിക്കുന്നത്. കൈകൂപ്പി പ്രസന്നവദനരായി വരുന്ന ക്രിസ്ത്യാനികളെ മുലയൂട്ടാനെന്ന വ്യാജേന വന്ന പൂതനയോടും). അവര്‍ അരുളിച്ചെയ്യുന്ന രാജ്യം ഇങ്ങെത്തിയല്ലോ എന്ന് ഞെട്ടും. മോദിയുടെ ഭരണത്തിന്‍കീഴിലാണ് നമ്മള്‍ ചിത്രം കാണുന്നതെന്നും മനസ്സില്‍ വയ്ക്കുമ്പോള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശവപ്പെട്ടിയിന്മേല്‍ അവസാന ആണി തറയ്ക്കുന്നതിന്റെ ശബ്ദവും ശ്രദ്ധിച്ചാല്‍ കേള്‍ക്കാം
 
വളരെ പ്രധാനപ്പെട്ട മറ്റൊരു സാദൃശ്യവും വിഷയവും സിനിമയില്‍ യാദൃശ്ചികമെന്നോണം കടന്നുവരുന്നുണ്ട്. പ്രാചിയുടെ അച്ഛന്‍ അവളെ ശാരീരികമായി വളരെ ഉപദ്രവിക്കുന്ന ആളാണെന്ന് ഗര്‍വോടെ സമ്മതിക്കുന്നുണ്ട്. ഏഴാം ക്ലാസ്സില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വച്ചതിന്റെ പാട് കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന അയാളുടെ ആവേശം ഒന്ന് കാണേണ്ടതുതന്നെയാണ്. ഇങ്ങനെ തല്ലുന്നതിലും ഉപദ്രവിക്കുന്നതിലും എതിര്‍പ്പൊന്നുമില്ലേയെന്ന് സംവിധായിക ചോദിക്കുമ്പോള്‍ അവള്‍ കൊടുക്കുന്ന മറുപടി വേദനാജനകവും രാജ്യത്തിന്റെ സ്ത്രീകളുടെ അവസ്ഥയ്ക്കു മുമ്പിലൊരു വലിയ ചോദ്യച്ചിഹ്നവുമാണ്. തന്റെ അച്ഛന്‍ താന്‍ തെറ്റ് ചെയ്യുമ്പോഴാണ് തല്ലുകയും ശാരീരികമായി വേദനിപ്പിക്കുകയും ചെയ്യുന്നതെന്നും അതില്‍ പരാതിപ്പെടാന്‍ തക്കതായൊന്നുമില്ലെന്നും അവള്‍ പറയുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയാണെന്നറിഞ്ഞിട്ടുകൂടി തന്നെ വളരാന്‍ സമ്മതിച്ച ആ അച്ഛന്‍ എന്ത് തെറ്റ് ചെയ്താലും ആ ഉപകാരത്തിനു മുന്നില്‍ അതെല്ലാം മറക്കാന്‍ അവളൊരുക്കമാണെന്ന് അറിയിക്കുകയും ചെയ്യുന്നു. പെണ്‍ഭ്രൂണഹത്യയ്ക്ക് പുറമെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന രീതിയും ഇന്ത്യയില്‍ വളരെ പ്രചാരത്തിലുണ്ടെന്ന സത്യം പിന്നെയും പ്രഹരമേല്‍പ്പിക്കുന്നു. അവിടെനിന്നും 2009 മിസ് ഇന്ത്യ പട്ടം ലഭിച്ച പൂജ ചോപ്രയിലെത്തുമ്പോള്‍ അവര്‍ക്ക് പറയാനുള്ളതും സമാനമായ കഥയാണെന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. പൂജയുടെ അച്ഛനമ്മമാര്‍ പിരിയാനുള്ള കാരണം പെണ്‍കുഞ്ഞിനെ വേണ്ട എന്നുള്ളതുകൊണ്ട് അവളെ (പൂജ രണ്ടാമത്തെ കുട്ടിയായിരുന്നു. രണ്ടാമത്തെ കുട്ടിയെങ്കിലും ആണായിരിക്കണമെന്നായിരുന്നു അവളുടെ അച്ഛന്റെയും വീട്ടുകാരുടെയും നിര്‍ബന്ധം) കൊന്നുകളയാന്‍ ആവശ്യപ്പെട്ടു എന്നതാണ്. അവളുടെ അമ്മ അന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചതുകൊണ്ടു മാത്രം കാമറയ്ക്കുമുന്നിലിരുന്ന് സംസാരിക്കുന്ന ഒരു മനുഷ്യജീവിതമാണ് പൂജയുടേത്. അതുകൊണ്ടുതന്നെ സുന്ദരിപ്പട്ടം ലഭിച്ചത് തന്റെ അമ്മയൊരാള്‍ കാരണം മാത്രമാണെന്നും തന്നെ വേണ്ടെന്ന് വെച്ചിരുന്ന അച്ഛനെപ്പോലുള്ളവരുടെ മുന്നില്‍ താന്‍ ഇവിടം വരെയെത്തി എന്ന് തെളിയിക്കുകയുംകൂടിയാണെന്നും അഭിമാനത്തോടെ പറയുന്നു അവള്‍.

ഇനിയും വരട്ടെ സ്വതന്ത്ര വിപ്ലവങ്ങള്‍.

വലിയ ബഡ്ജറ്റോ പ്രശസ്തരായ അഭിനേതാക്കളോ ഇല്ലാതെതന്നെ സിനിമ ഉണ്ടാക്കി കാഴ്ചക്കാരിലെത്തിക്കുക എന്നത് പതുക്കെ സാധ്യമായി വരുന്നുണ്ട് ഇന്ത്യയില്‍. വളരെ ശ്രദ്ധയാകര്‍ഷിച്ച ഷിപ് ഓഫ്‍ തീസിയൂസ്, നാഷനല്‍ അവാര്‍ഡ് ലഭിച്ച ഫാന്റ്രി തുടങ്ങി കൂടുതല്‍ സിനിമകള്‍ ഫിക്ഷന്‍ ലോകത്തില്‍ പുറത്തുവരുന്നു. ഡോക്യുമെന്ററി സിനിമകളും റിലീസിന് തയ്യാറാകുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു മാറ്റം. ഗുലാബി ഗാംഗ് അത്തരത്തിലൊന്നായിരുന്നു. കിരണ്‍ റാവു, അനുരാഗ് കശ്യപ് തുടങ്ങി സിനിമാ വ്യവസായത്തില്‍ പേരെടുത്തവര്‍ ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് അത്യന്തം ശ്ലാഘനീയമാണ്. ദി വേള്‍ഡ് ബിഫോര്‍ ഹെര്‍ തിയറ്ററുകളിലെത്തുന്നത് സിനിമയും അതിന്റെ സൌന്ദര്യശാസ്ത്രവും പ്രസക്തിയും മാറുന്നതിന്റെ സൂചകമാണ്. സ്വതന്ത്രമായ ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നുള്ള ധീരമായ ഉദ്യമകള്‍ക്ക് വഴിയൊരുക്കുകയും കരുത്തേകുകയും ചെയ്യും. ഭാവി അത്ര നിരാശാനിര്‍ഭരമല്ലെന്ന് ഒരുവേള തോന്നിപ്പിക്കും. പിന്നെ മിസ് ഇന്ത്യയെും ദുര്‍ഗവാഹിനിയെയും കുറിച്ചാലോചിക്കുമ്പോള്‍ ഭീതിയുടടെയും അരക്ഷിതാവസ്ഥയുടെയും ഒരു കറുത്ത കമ്പടത്തിനു കീഴില്‍ ചുരുണ്ടുകൂടിക്കിടന്ന് ചാവുകയാണുത്തമമെന്ന് തോന്നും. എങ്കിലും വയ്യ, പൊരുതുക തന്നെ

നിഷ പഹൂജയുമായുള്ള ഒരു അഭിമുഖം ഇവിടെ
സിനിമയുടെ ഫേസ്‌ബുക് പേജ്. സ്വന്തം നഗരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കാംപെയ്ന്‍ നടക്കുന്നു.