Thursday 5 March 2015

ഇന്റ്യാസ് ഡോട്ടർ: ഭരണകൂടെ ഭീകരതയും ബലാൽസംഗത്തിന്റെ രാഷ്ട്രീയവും

കോൽക്കത്തയിൽ ഇന്ന് ഹോളിയാണ്. ദില്ലിയിൽ നാളെയവണം. ദില്ലി ഇന്ത്യയുടെ തലസ്ഥാന നഗരിയാണ്. അവിടെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബലാൽസംഗങ്ങൾ രേഖപ്പെടുത്തുന്നതും. രാജ്യത്തെമ്പാടും പ്രതിഷേധക്കൊടുങ്കാറ്റിന് തുടക്കം കുറിച്ച ദില്ലി കൂട്ട ബലാൽസംഗ കേസിലെ പ്രതികളുടെ വളരെ പ്രധാനപ്പെട്ട അഭിമുഖങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് 'ഇന്ത്യാസ് ഡോട്ടർ' എന്ന ഡോക്യുമെന്ററിയുടെ പ്രത്യേകത. ഇന്ത്യൻ ഭരണകൂടത്തിന് ചലച്ചിത്രവുമായുള്ള പ്രശ്നവും അതുതന്നെ. രാജ്യത്ത് ഇത് പ്രദർശിപ്പിക്കുന്നത് ദില്ലി കോടതി തടഞ്ഞിരിക്കുന്നു. എന്നാൽ കോൽക്കത്തയുടെ ഹോളി ദിനം അതിരാവിലെ മൂന്നരമണിക്ക് ബി ബി സി ചലച്ചിത്രം പ്രക്ഷേപണം ചെയ്യുകയും പിന്നീട് അത് യൂട്യൂബിൽ റിലീസ് ചെയ്യുകയും ചെയ്തു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മാത്രം വിജയമല്ല. ഭരണകൂട ഭീകരതയ്ക്കെതിരായുള്ള ശക്തമായ പ്രസ്താവന കൂടിയാണ്.

എങ്ങനെ?
തിഹാർ ജയിലിൽ തടവിൽ കഴിയുന്ന പ്രതിയുമായി ദീർഘമായ അഭിമുഖം സംവിധായിക നടത്തിയിട്ടുണ്ട്. അധിക്കൃതരിൽ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു ഇത്. പ്രതികളുടെ വക്കീലന്മാരും സംസാരിക്കുന്നു. ഒരു വിദേശി ഇന്ത്യൻ ഭരണകൂടത്തെ തുളച്ച് അകത്ത് കടന്ന് അതിനെ വിമർശനവിധേയമാക്കി എന്നതാകുന്നു ഇവിടുത്തെ പ്രശ്നം. ഭരണകൂട ഭീകരതയുടെ കൊടുമുടിയാണ് ജയിലുകൾ. കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കേസിലെ പ്രതികളും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും സുപ്രീം കോടതിയിൽ അപ്പീലിന് പോയവരുമാണ്. ഭീകരതയ്ക്ക് ഭരണകൂടത്തിന്റെ അനുമതിയുണ്ടാകുകയും അവിടേയ്ക്ക് ജനശ്രദ്ധ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഈ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിനെ നെടുകെ പിളർന്നുകൊണ്ടാണ് 'ഇന്ത്യാസ് ഡോട്ടറും' അതിന്റെ സംവിധായിക ലെസ്ലി ഉഡ്വിനും ചലച്ചിത്ര മാധ്യമത്തെ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ ഭരണകൂടത്തിനുമേൽ ശക്തിയേറിയ പ്രഹരമേൽപ്പിച്ചിരിക്കുന്നു.

എന്നാൽ ഈ സത്യം മറച്ചുവച്ചുകൊണ്ട് സ്ത്രീ സുരക്ഷ എന്ന ആശയത്തെ ഉപയോഗിക്കുക എന്ന സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് രാജ്യത്ത് ഇപ്പോൾ അരങ്ങേറുന്നത്. ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്ത്യ നിരോധിച്ചിരിക്കുന്നു. കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡോക്യുമെന്ററിയിലെ പ്രസ്താവനകൾ സ്ത്രീ സുരക്ഷയെ അപമാനിക്കും വിധമാണ് എന്നതാണ്. ഇന്ത്യയെ കരിവാരിത്തേയ്ക്കാനുള്ള ഒരു അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഈ ചിത്രം എന്നാണ് ബഹുമാനപ്പെട്ട മന്ത്രി വെങ്കയ നായ്ഡു പറഞ്ഞത്. ബലാൽസംഗത്തിന് ശിക്ഷയനുഭവിക്കുന്നവർ ഇപ്പോഴും സ്ത്രീയുടെ ഭാഗത്താണ് തെറ്റ് എന്ന് വാദിക്കുന്നുണ്ട് എന്നതാണോ അന്താരാഷ്ട്ര ഗൂഢാലോചന? അതോ നീതിന്യായ വ്യവസ്ഥിതിയുടെ വക്താക്കൾ പോലും ഭാരതീയ സംസ്കാരത്തിൽ സ്ത്രീയ്ക്ക് സ്ഥാനമില്ല എന്നും അവൾ എപ്പോളും പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നുമുള്ള വാദം മുന്നോട്ട് വയ്ക്കുന്നതോ. എന്നാലത് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും കൊണ്ടുനടന്നു കാണിക്കേണ്ട സത്യം മാത്രമാണ്.

ജയിലിനുള്ളിൽ കടന്നു ചിത്രീകരണം നടത്താൻ എങ്ങനെ അനുമതി ലഭിച്ചു എന്നതാണ് വേറൊരു പ്രശ്നം. ജയിലുകൾ എന്തിനാണ് കാമറയെ ഭയക്കുന്നത്. ഭരണകൂടത്തിന്റെ കാര്യക്ഷമതയുടെ ഉത്തമോദ്ദാഹരണമാണ് ജയിലുകൾ എങ്കിൽ അത് ചിത്രീകരിക്കുകയാണല്ലോ വേണ്ടത്. ഇവിടെ രണ്ട് പ്രശ്നങ്ങളാണുള്ളത്. ജയിലറകളും അതിലെ അന്തേവാസികളും ഭരണകൂടത്തിന്റെ സ്വത്താണെന്നും അതിന്റെ ചൊൽപ്പടിക്ക് നിൽക്കേണ്ടുന്നവയാണ് എന്നുമുള്ള ഹിംസാത്മകമായ ചിന്ത. രണ്ടാമത്തേത് ഇതിനെയെല്ലാം ഭേദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് ഒരു അപര സ്വത്വമാണ് എന്ന കാര്യം. അല്ലാത്തപ്പോൾ ബ്രിട്ടിഷ് വഴികൾ പിന്തുടരുന്നതിൽ അഭിരമിക്കുന്ന ഇന്ത്യക്കാർ പോലും ഈ അവസരത്തിൽ ദേശീയവാദികളാകുന്നത് കാണാം. 'പുറത്തുനിന്നൊരാൾ' കുടുംബത്തിൽ കയറി അഭിപ്രായം പറയുന്നു എന്നതാണ് തത്വം. അതായത് കുടുംബത്തിനുള്ളിൽ എന്തുമാവാം. മാതാപിതാക്കൾക്ക് കുട്ടികളെ തല്ലാം, ഭർതൃപീഡനമാകാം. ആരും അതിനെ ചോദ്യം ചെയ്തുകൂട. പെൺകുട്ടി പ്രതിരോധിക്കാൻ ശ്രമിക്കരുതായിരുന്നു എന്നും കുറ്റം അവളുടെ തന്നെയാണെന്നും പലയാവർത്തി പറയുന്ന പ്രതി ഇന്ത്യ എന്ന കുടുംബത്തിൽത്തന്നെയാണ് നിലകൊള്ളുന്നത്. ഒരു വിദേശവനിത ഈ സത്യം പുറത്തുകൊണ്ടുവന്നു എന്നതാണ് ഇവിടെ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അല്ലാതെ അത്യന്തം സ്ത്രീവിരുദ്ധമായ മേൽപറഞ്ഞ വാദമല്ല. ഇന്ത്യ ജയിലിൽ കഴിയുന്ന കുറ്റവാളിയെയല്ല സംരക്ഷിക്കുന്നത്. വധശിക്ഷ എന്ന മനുഷ്യത്വവിരുദ്ധമായ ശിക്ഷയിലൂടെ സ്വന്തം നിലപാടെന്തെന്ന് രാജ്യം പണ്ടേ വ്യക്തമാക്കിക്കഴിഞ്ഞു. ഇവിടെ പ്രതിയെപ്പോലെ ചിന്തയോട് യോജിക്കുന്ന പൊതുബോധത്തെയാണ് സംരക്ഷിക്കാൻ ശ്രമം നടത്തുന്നത്. അതാണ് ഈ ഡോക്യുമെന്ററി പുറത്തുവരുന്നത് വഴി അട്ടിമറിക്കപ്പെടുന്നതും.

ബി ബി സി യുടെ ഇന്ത്യാസ് ഡോട്ടർ
ഇന്ത്യാസ് ഡോട്ടർ ഒരു തരം താഴ്ന്ന ചലച്ചിത്രമാണ്. പറയത്തക്ക കലാമികവൊന്നും ഇതിലില്ല. അതിലുമുപരി സ്ലംഡോഗ് മില്യണേർ പോലെ ദാരിദ്ര്യത്തിന്റെയും സാമൂഹികവിരുദ്ധതയുടെയും ഈറ്റില്ലമായ ഒരു മൂന്നാംലോകരാജ്യം എന്ന കാഴ്ചപ്പാടിൽ ഊന്നി നിർമ്മിക്കപ്പെട്ട ചിത്രം തന്നെയാണിതും. പണ്ടത്തെ തന്റെ കോളനിയെ വിമർശനവിധേയമാക്കുന്നതിലുള്ള ആനന്ദവും പ്രകടമായിത്തന്നെ കാണാം. ചേരികളിൽ ജീവിക്കുന്ന ഇന്ത്യ. അന്നം നേടുന്നതിനായി പഠനം ഉപേക്ഷിക്കേണ്ടി വരുന്ന യുവത്വം, ഭർത്താവിൽ നിന്നും സുരക്ഷ മാത്രം ആവശ്യപ്പെടുന്ന ഇന്ത്യൻ സ്ത്രീ എന്നിങ്ങനെ കൃത്യമായി ഇന്ത്യയെക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കപ്പെടുന്നു.

ഡോക്യുമെന്ററി എന്നാൽ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്ന ചലച്ചിത്രമാണ് എന്ന കാഴ്ചപ്പാട് മാറിയിട്ടുണ്ടോ എന്നറിയില്ല. ഏതായാലും യാഥാർത്ഥ്യമോ ആത്യന്തികമായ സത്യമോ അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് ഡോക്യുമെന്ററി എന്ന് ഞാൻ കരുതുന്നില്ല. കാമറ വയ്ക്കുമ്പോൾ ലഭിക്കുന്ന ഫ്രേം മുതൽ ചിത്രസംയോജനത്തിലെ വെട്ടലുകൾ (കട്ട്) തൊട്ട് ശബ്ദലേഖനം വരെ ഒട്ടനേകം ഇല്ലായ്മകളുടെയും ഉൾപ്പെടുത്തലുകളുടെയും കഥയാണ്. ഒരു ഫ്രേമിൽ ഉള്ളതെല്ലാം ഇല്ലാത്തവയുമാണ്. ഒരു കട്ട് ഇല്ലായ്മ ചെയ്യുന്നതെല്ലാം മറ്റെന്തോ ഉൾപ്പെടുത്തുന്നുമുണ്ട്. അത്തരത്തിൽ നോക്കുമ്പോൾ ഇന്ത്യ എന്നാൽ അപരിഷ്കൃതരും ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ചിലരും ജീവിക്കുന്ന ഒരു രാജ്യം എന്ന കാഴ്ചപ്പാട് ചിത്രത്തിലുണ്ട്. എന്നാൽ ഇക്കാരണം കൊണ്ട് അതിനെ ഏതെങ്കിലും തരത്തിൽ മാറ്റി നിർത്തുന്നത് അഭികാമ്യമല്ല. കൽപിത കഥകളും (ഫിക്ഷൻ) അല്ലാത്തവയും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ. സ്ലംഡോഗ് മില്യണേറിന്റെ രാഷ്ട്രീയത്തെ എതിർക്കുമ്പോൾ ഇന്ത്യാസ് ഡോട്ടർ ഒരു ഭീമൻ സത്യമായി നിലകൊള്ളും. ഇവിടെ അഭിനേതാക്കളില്ല. പ്രതികൾക്ക് വേണ്ടി വാദിച്ച വക്കീലന്മാട മാധ്യമത്തിനു മുമ്പാകെയാണ് സ്വന്തം വീട്ടിലെ സ്ത്രീകൾ വിവാഹപൂർവ്വ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അവരെ തീയിട്ട് കൊല്ലുമെന്ന് പറഞ്ഞത്. ചിത്രീകരണ സമയത്തും ആ നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്ന് അയാൾ പറയുന്നു. സ്ത്രീ ഒരു പൂ പോലെയാണെന്നും മന്ദിരത്തിൽ വെച്ചാൽ പൂജിക്കപ്പെടുകയും വഴിയിലെറിഞ്ഞാൽ അത് ഞെരിക്കപ്പെടുകയും ചെയ്യുമെന്ന് മറ്റൊരാൾ. തങ്ങൾക്ക് വധശിക്ഷ ലഭിക്കുന്നതോടെ ബലാൽസംഗങ്ങൾ ഇല്ലാതാവുകയല്ല ചെയ്യുന്നതെന്ന് പ്രതി പറയുന്നു. മറിച്ച് ഇനിയും ഇത്തരം സന്ദർഭങ്ങളുണ്ടായാൽ രണ്ടാമതൊന്നാലോചിക്കാതെ പെൺകുട്ടിയെ കൊന്ന് കളയുകയാവും ഉണ്ടാവുക.

ഇതാണ് ബലാൽസംഗത്തിന്റെ പച്ചയായ രാഷ്ട്രീയം. ആണധികാരബോധം എന്താണെന്നറിയാൻ പ്രതിയുടെ വാക്കുകൾ കുറച്ച് നേരം ശ്രദ്ധിച്ചാൽ മാത്രം മതി. പെൺകുട്ടിയുടെ ആമാശയം വലിച്ചൂരിയെടുത്ത് അത് വഴിയിലെവിടെയോ കളഞ്ഞ പ്രതികളെക്കുറിച്ച് സർവ്വസാധാരണമായ പ്രവൃത്തി വിവരിക്കുന്നതുപോലെയാണ് മുകേഷ് സിങ്ങ് സംസാരിക്കുന്നത്. തന്റെ സഹോദരൻ (മറ്റൊരു പ്രതി) ജിം പരിശീലകനാണെന്നും കരുത്തുറ്റവനാണെന്നും ഹുങ്കോടെ ഇയാൾ പ്രസ്താവിക്കുന്നു. ആണത്തത്തിന്റെ ഗർവ്വ് നിഴലിക്കുന്ന വാക്കുകൾ ഭയപ്പെടുത്തുന്നില്ല. ഇന്ത്യാസ് ഡോട്ടർ എന്ന കണ്ണാടിയിലെ ആ രൂപത്തിന് അതിലെ രജതത്തിന്റെ ശീതം മാത്രം.

ഈ പ്രതിബിംബത്തിനെയാണ് ഇരുട്ട് മുറിയിലാക്കാൻ ഇന്ത്യാമഹാരാജ്യം ശ്രമിക്കുന്നത്. ഭാങ്ങിന്റെ കെട്ട് കോൽക്കത്തയിൽനിന്നും ഇറങ്ങിത്തുടങ്ങുന്നതേയുള്ളു. യൂട്യൂബ് വീഡിയോ നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ നിറങ്ങളിൽ ജ്യോതി സിങ്ങ് എന്ന പെൺകുട്ടിയുമുണ്ട് എനിക്ക്. ഒരു ശരാശരി ഇന്ത്യക്കാരൻ സ്ത്രീകളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഉന്മാദത്തിനുമുകളിലും നിൽക്കുന്ന ഒരു കാർമേഘമായി പെയ്യാനായുന്നു. ഞാൻ ഇന്ത്യയുടെ പുത്രിയല്ല. ജ്യോതി സിങ്ങും അങ്ങനെയാവാൻ വഴിയില്ല. ഇന്ത്യ എന്നാൽ സത്യത്തിൽ മുകേഷ് സിങ്ങാണ്. അതിൽ നിന്നുത്ഭവിക്കുന്ന ഒന്നുമായും ചേർന്നുപോകാൻ ഒരു പെണ്ണെന്ന നിലയിലോ മനുഷ്യനെന്ന നിലയിലോ എനിക്ക് സാധ്യമല്ല. നിറങ്ങളുടെ ഉൽസവത്തിൽ ഇക്കുറി ഞാൻ ഒരു 'വിദേശ' സിനിമയോടൊപ്പമാണ്. കലാമൂല്യം ഒട്ടുമില്ലാത്ത, ഭരണകൂടത്തെ അങ്കലാപ്പിലാക്കിയ ഒരു ഗൂഢാലോചനാചിത്രത്തോടൊപ്പം.

ഹോളി 2015

No comments:

Post a Comment